കോഴിക്കോട് : കാത്തുവെക്കാം സൗഹൃദ കേരളം ‘ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി MSM സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച ‘THE CLUE’ എക്സ്പോ കലോത്സവ നഗരിക്കടുത്ത് ആരംഭിച്ചു. മലബാർ ക്രിസ്ത്യൻ കോളേജിൽ സജ്ജമാക്കിയ ഭക്ഷണ പന്തലിന് സമീപമാണ് എക്സിബിഷൻ നടക്കുന്നത്.
വർഗീയതക്കും വെറുപ്പിനുമെതിരെ സൗഹൃദത്തിന്റെ മതിൽ കെട്ട് തീർത്ത് കേരളീയ പാരമ്പര്യം മുറുകെ പിടിക്കണമെന്നാണ് എക്സിബിഷൻ വിളിച്ചു പറയുന്നത്. മതമൈത്രിയുടെയും സൗഹൃദത്തിന്റെയും പ്രാധാന്യം മനസിലാക്കി സ്നേഹബന്ധങ്ങൾ തകർക്കുന്ന ലഹരിക്കെതിരെ പ്രതിഷേധത്തിന്റെ കൈയൊപ്പ് ചാർത്തിയാണ് എക്സിബിഷൻ ഹാൾ സന്ദർശിക്കുന്ന നൂറുകണക്കിനാളുകൾ മടങ്ങി പോകുന്നത്.
സ്നേഹത്തിൽ ചാലിച്ച സുലൈമാനിയും കോഴിക്കോടൻ ഹൽവയും നൽകിയാണ് സംഘാടകർ ഇന്ന് വന്ന അതിഥികളെ സ്വീകരിച്ചത്. കലോത്സവം അവസാനിക്കുന്ന ശനിയാഴ്ച ദിവസംവരെ എക്സിബിഷൻ നീണ്ടുനിൽക്കും. രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 8 മണിവരെയാണ് എക്സിബിഷൻ ഹാൾ പ്രവർത്തിക്കുക. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സൗജന്യമായി ‘സൗഹൃദ ചായ’ വിതരണം ഉണ്ടായിരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട, വർക്കിംഗ് പ്രസിഡൻറ് നുഫൈൽ തിരൂരങ്ങാടി,ട്രഷറർ ജസിൻ നജീബ്, ഭാരവാഹികളായ നജീബ് തവനൂർ, ബാദുഷ തൊടുപുഴ, അൻശിദ് നരിക്കുനി, സവാദ് പൂനൂർ, ദാനിഷ് അരീക്കോട്, സമാഹ് എന്നിവർ നേതൃത്വം നൽകി.
Let's keep friendly Kerala; The Q Expo Arts Festival in the city kerala state school kalolsavam 2023