കോഴിക്കോട്: മാധ്യമ രംഗത്തെ പുത്തൻ പ്രവണതകളെ കുറിച്ചും തൊഴിൽ സാധ്യതകൾ വിവരിച്ചുള്ള സെമിനാറിൽ വിദ്യാർത്ഥികളുടെ നിറഞ്ഞ പങ്കാളിത്വം. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി സംസ്ഥാന കരിയർ ഗൈഡൻസിൻ്റെ നേതൃത്വത്തിൽ കടപ്പുറത്ത് നടന്ന ദിശയുടെ മാധ്യമ രംഗത്തെ തൊഴിലവസരം എന്ന പരിപാടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ദേശീയ മാധ്യമ രംഗത്തെ ശ്രദ്ധേയനായ ഇൻവെസ്റ്റിഗേറ്റീവ് ജെർണലിസ്റ്റ് വിനോദ് കെ.ജോസ് (കാരവൻ) മനില സി.മോഹനൻ (ട്രൂകോപ്പി തിങ്ക് ) സിദ്ധീഖ് (പെരിങ്ങത്തൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മാധ്യമ പ്രവർത്തകനും പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ജെർണലിസം അധ്യാപകൻ ഇസ്മായിൽ വാണിമേൽ മോഡറേറ്ററായിരുന്നു. പുതിയ ഇന്ത്യയിലെ മാധ്യമ പ്രവർത്തനത്തിലെ അനുഭവങ്ങൾ വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു.
മാധ്യമ പ്രവർത്തനത്തെ എങ്ങനെ കൂടുതൽ സത്യസന്ധമാക്കാൻ കഴിയുമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് അറിയാനുണ്ടായിരുന്നത്. ഭരണ വർഗത്തിൻ്റെ ജന വിരുദ്ധ സമീപനത്തെ തുറന്നെതിർക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ വിദ്യാർത്ഥികളുടെ ചോദ്യത്തിനുള്ള മറുപടിയായി മാധ്യമ പ്രവർത്തകർ വിശദീകരിച്ചു.
നിറഞ്ഞ സദസിൽവിദ്യാർത്ഥികളുടെ ചോദ്യങ്ങൾ വർധിച്ചതോടെ രാവിലെ 9.30 ന് ആരംഭിച്ച പരിപാടി 12 മണിയോടെ അവസാനിച്ചു. വിദ്യാർത്ഥികളുടെ വായന കുറഞ്ഞു വരുന്നതായുള്ള ആശങ്കകൾ സദസിൽ നിന്നും പലരും പങ്ക് വെച്ചെങ്കിലും വിദ്യാർത്ഥികൾക്ക് കാലിക വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി നല്ല അവഗാഹം നേടുന്നതായി ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി
As a part of the school arts festival, the program titled 'Employment in the field of media' by the State Career Guidance was very impressive.