കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രണയപ്പകയിൽ പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത് നൽകിയ ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

കഴിഞ്ഞ ഒക്ടോബർ 22ന് ഉച്ചക്ക് 12 നാണ് സംഭവം. വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്തുമായി നേരത്തേ പ്രണയത്തിലായിരുന്നു യുവതി.
പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്. പാനൂർ പൊലീസാണ് കേസന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) യാണ് ശ്യാംജിത്തിന്റെ പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്ന യുവതി രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്കെത്തിയ സമയത്താണ് കൊല്ലപ്പെട്ടത്.
മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്. യുവതി വീട്ടിലെത്തിയ സമയത്ത് ഇവിടേക്കെത്തിയ പ്രതി, ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തിയ ശേഷം, കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
അറസ്റ്റിലായ അന്നുമുതൽ യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെയാണ് ശ്യാംജിത്ത് അന്വേഷണത്തെ നേരിട്ടതും മൊഴി നൽകിയതും. 'എനിക്കിപ്പോൾ 25 വയസേയുള്ളൂ. 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39-ാം വയസിൽ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല' എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് ശ്യാംജിത്ത് അന്ന് പറഞ്ഞത്.
Panur Vishnupriya murder case; The court rejected the bail application of the accused
