Oct 3, 2022 03:55 PM

കണ്ണൂര്‍ : ജനനേതാവിന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‍ക്കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്.

കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു.

മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദൻ, എം വിജയരാജൻ, വിജയരാഘവൻ, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. മുഖ്യമന്ത്രിയും യെച്ചൂരിയും കോടിയേരിയുടെ ഭൗതികദേഹം വിലാപയാത്രയില്‍ ചുമലിലേറ്റി.


തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൌൺ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലും എത്തിച്ചേര്‍ന്നിരുന്നത്.

ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു. ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവര്‍ കോടിയേരിയുടെ കണ്ണൂരിലെ വീട്ടിലും അഴീക്കോടൻ സ്മാരക മന്ദിരത്തിലും തടിച്ച് കൂടിയിരുന്നു.

ഭാര്യ വിനോദിനിയും മക്കളും പൊട്ടിക്കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്ന് കോടിയേരിക്ക് അവസാന യാത്രമൊഴിയേകിയത്. ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേയ്ക്കുള്ള വിലാപയാത്രയിൽ വഴിക്ക് ഇരുവശവും അന്ത്യാഭിവാദ്യവുമായി ജനം തടിച്ചുകൂടിയിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കോടിയേരി ശനിയാഴ്‍ച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്.

Jananetha left Kerala with tears; The body was cremated with full honours

Next TV

Top Stories