എറണാകുളം : സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാതെ എന്തിന് സാമൂഹികാഘാത പഠനം നടത്തുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു.

ഇല്ലാത്തൊരു പദ്ധതിക്ക് വേണ്ടി എല്ലാവരും തെരുവില്‍ നാടകം കളിക്കുകയാണെന്ന് കോടതി പരിഹസിച്ചു. പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണ്? തുടങ്ങിയ ഇടത്തുതന്നെയാണ് ഇപ്പോഴും പദ്ധതി നില്‍ക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്ന തന്നെ സര്‍ക്കാര്‍ ശത്രുവായി കാണുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
‘എന്തിനാണ് ഇത്രയധികം കേസുകളും പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന് മനസിലാകുന്നില്ല. ജിയോ ടാഗിംഗ് മതിയെന്നതിന്റെ രേഖകള്‍ എവിടെയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. മഞ്ഞക്കല്ലുമായി ആരൊക്കൊയോ വീട്ടിലേക്ക് കയറിവരുന്നത് എന്തിനെന്നും കോടതി ചോദിച്ചു.
സര്‍വേ നടന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായി എന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍പും സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകളെക്കുറിച്ചും ഹൈക്കോടതിയില്‍ ചോദ്യമുയര്‍ന്നിരുന്നു.
സമരക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ ആണെന്നിരിക്കെ അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത് എന്തിനാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണം. കേസുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി.
The High Court criticized the government on the Silver Line project