കണ്ണൂർ : പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താലിനിടെ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബേറ്. ലോറിയുടെ മുൻഭാഗത്തെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ ചരക്ക് ഇറക്കിയ ശേഷം തലശ്ശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്.

ആർക്കും പരുക്കില്ല. ലോറി ഡ്രൈവറുടെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയ്ക്ക്, മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെയും ബോംബേറുണ്ടായി. ഓഫിസിലെ കിടക്കയ്ക്ക് തീപിടിക്കുകയും ജനൽ ചില്ല് തകരുകയും ചെയ്തു.
ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ രണ്ടിടത്ത് ബോംബേറ്
കണ്ണൂർ : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം. ജില്ലയിൽ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു.
പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.
കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പ്രദേശത്താണ് ഹർത്താൽ ദിനത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായത്. പ്രദേശത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പലയിടത്തും ആക്രമണങ്ങൾ നടത്തുന്നതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
'മിന്നൽ ഹര്‍ത്താൽ നിയമവിരുദ്ധം' പിഎഫ്‌ഐ ഹര്‍ത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി
എറണാകുളം : സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു.
ഹര്‍ത്താലിനെതിരായ മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കര്‍ശനമായ പൊലീസ് സുരക്ഷ ഉറപ്പാക്കാനും ഉത്തരവിട്ടു.
പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം. പൊതുസ്വത്തിനും സ്വകാര്യ സ്വത്തുക്കള്‍ക്കും നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം.
കേരളത്തില്‍ നടക്കുന്നത് ഉള്‍ക്കൊള്ളാനാകാത്ത സംഭവങ്ങളാണ്. പെട്ടന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം മാധ്യമങ്ങള്‍ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി.
Petrol bomb hurled at lorry in Kannur