ഇടുക്കി : തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത കുട്ടിയുടെ അമ്മ അര്‍ച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി.
കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അര്‍ച്ചനക്ക് മേൽ ചുമത്തപ്പെട്ട കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു.
അതേ സമയം, പ്രമാദമായ കേസില്‍ വാദം നാളെയും തുടരും. നാളെ പ്രതിഭാഗം വാദം കേട്ട ശേഷമായിരിക്കും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുക. ഇതിനിടെ നേരത്തെ പൊലീസ് പ്രതി ചേര്‍ത്തിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കി. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ തങ്ങളുടെ ഭാഗം കേൾക്കാൻ സമയം വേണമെന്ന് പ്രതിഭാഗം നിലപാടെടുത്തു.
തുടര്‍ന്ന് അധിക ദിവസത്തേക്ക് കേസ് നീട്ടാനാവില്ലെന്നും നാളെ പ്രതിഭാഗം വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതി അരുൺ ആനന്ദിനെ നേരിട്ട് ഹാജാരാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ശാരീരിക അസ്വസ്ഥതകൾ മൂലം അരുണ്‍ ആനന്ദിന് ഹാജരാകാനായില്ല.
പൂജപ്പുര സെന്ട്രല്‍ ജെയിലില്‍ കഴിയുന്ന അരുണ്‍ ഓണ്‍ലൈനായാണ് കേസ് കേട്ടത്. നാളെയും അരുണ്‍ ഓണ്‍ലൈനില്‍ ഹാജരാകാനാണ് സാധ്യത. പ്രതിഭാഗം കേട്ട ശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. 2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ സോഫയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ് എട്ടുവയസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു.
ഇതാണ് മരണത്തിനിടയാക്കിയത്. കുട്ടിയെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച തലച്ചോർ പുറത്തുവന്നപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
കേസില്‍ 2019 മാർച്ച് 30ന് അരുണ്‍ ആനന്ദ് പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ മുമ്പും കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പൊലീസിനോട് സമ്മതിച്ചു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.
The case where the boyfriend beat up the eight-year-old; The court excused the mother