ചാരുംമൂട്: ആലപ്പുഴയിൽ സന്ധ്യാ വിളക്കിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. ഗ്യാസ് കുറ്റി മാറ്റാനായതിനാൽ ഒഴിവായത് വൻ ദുരന്തം.
നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടിൽ രാജുവിന്റെ വീടാണ് തീപിടിച്ച് നശിച്ചത്. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
സന്ധ്യാവിളക്ക് കത്തിച്ച ശേഷം രാജു പടനിലത്തിനു പോയപ്പോളാണ് തീപിടുത്തമുണ്ടായത്. തീ പിടിച്ച സമയത്ത് രാജുവിന്റെ ഭാര്യയും വീട്ടിലില്ലായിരുന്നു.
ഷീറ്റ് മേഞ്ഞ വീട് പൂർണ്ണമായും കത്തിയതോടെ സാധന സാമഗ്രികളും മറ്റു രേഖകളും പൂർണ്ണമായും നശിച്ചു. വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഇത് പുറത്തേക്ക് മാറ്റാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
കായംകുളം, മാവേലിക്കര,അടൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.
#house #burnt #down #fire #twilight #lamp #major #disaster #avoided