മലപ്പുറം:(www.truevisionnews.com) അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന ദ്രാവകം കണ്ടെത്തി. മരിച്ച തൊഴിലാളികള്‍ വിഷമാലിന്യം ശ്വസിച്ചുവെന്നും നിഗമനമുണ്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു.
മരിച്ച രണ്ട് തൊഴിലാളികളുടെ പോസ്റ്റ്‌മോര്‍ട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരുടെ ശരീരത്തില്‍ നിന്ന് രാസമാലിന്യം കലര്‍ന്ന ദ്രാവകത്തിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ടാങ്കിനകത്തുളള രാസമാലിന്യം കലര്‍ന്ന ദ്രാവകം അകത്തുപോയതാണ് മരണകാരണമെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
.gif)

എന്നാല്‍, ടാങ്കില്‍ മുട്ടിന് താഴെ വരെ മാത്രമാണ് വെളളമുണ്ടായിരുന്നത്. പിന്നെ എങ്ങനെയാണ് അപകടത്തില്‍പ്പെട്ടത് എന്ന പരിശോധനയിലാണ് ടാങ്കിനകത്ത് വലിയ തോതില്‍ വിഷവാതകങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. ഇത് ശ്വസിച്ച് അബോധാവസ്ഥയിലായ തൊഴിലാളികള്‍ ടാങ്കിലേക്ക് വീഴുകയും വിഷദ്രാവകം ശരീരത്തില്‍ കലരുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. സ്ഥലം സന്ദര്‍ശിച്ച് മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് ഫോറന്‍സിക് സര്‍ജന്റെ തീരുമാനം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുളള മെഡിക്കല്‍ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി കഴിഞ്ഞാല്‍ മാത്രമേ മരണ കാരണത്തില്‍ വ്യക്തത വരികയുളളു.
ജൂലൈ മുപ്പതിനാണ് മലപ്പുറം അരീക്കോട്ടെ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ദാരുണ അപകടമുണ്ടായത്. രണ്ട് അസം സ്വദേശികളും ഒരു ബിഹാര്‍ സ്വദേശിയുമാണ് മരിച്ചത്. രാസലായനി ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആദ്യം ടാങ്കില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനായി മറ്റ് രണ്ടുപേര്‍ ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. മൂന്നുപേരെയും ഏറെ നേരമായി കാണാതിരുന്നതോടെ മറ്റ് തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച തൊഴിലാളികളില്‍ രണ്ടുപേര്‍ ബിഹാര്‍ സ്വദേശികളും ഒരാള്‍ അസം സ്വദേശിയുമാണ്.
Initial postmortem report says workers died at Areekode poultry waste treatment plant due to drowning in tank
