കൊല്ലം: ( www.truevisionnews.com ) കൊല്ലം പൂയപ്പള്ളി റോഡുവിളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലിബിന (26) ആണ് മരിച്ചത്. മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ലിബിന അവിവാഹിതയാണെന്നും വിവാഹാലോചനകൾ നടത്തിവരികയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. നിലവിൽ ദുരൂഹതയില്ലെന്നും പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
.gif)

അതേസമയം , പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. നിലവിൽ അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
മറ്റൊരുസംഭവം പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യനെ(25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. നേഖയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. ഭർത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആറുവർഷം മുമ്പാണ് നേഖയുടെയും പ്രദീപിൻ്റെയും വിവാഹം നടന്നത്.
രണ്ടു വർഷങ്ങൾക്കുശേഷമാണ് ഇവർക്ക് മകളുണ്ടായത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും പ്രദീപ് മർദിച്ചിരുന്നുമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലത്തൂർ പൊലീസ് കേസെടുത്തു. ഭർത്താവ് ആലത്തൂർ തോണിപ്പാടം കല്ലിങ്ങൽ വീട്ടിൽ പ്രദീപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Woman found hanging inside house in Kollam
