പേരാമ്പ്ര(കോഴിക്കോട്): ( www.truevisionnews.com ) കുറ്റ്യാടി കോഴിക്കോട് ബസ് തടയല്‍ സമരം പിന്‍വലിച്ചെങ്കിലും സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല. പേരാമ്പ്രയില്‍ കോളെജ് വിദ്യാര്‍ത്ഥി സ്വകാര്യ ബസിനടിയില്‍ പെട്ട് മരിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ തടയുന്നതിനാല്‍ കഴിഞ്ഞ നാലു ദിവസമായി ഈ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് തടസപ്പെട്ടിരിക്കുകയായിരുന്നു.
കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിത വേഗതയും കാരണം നിരന്തരം അപകടങ്ങള്‍ പതിവാക്കുകയും ഇതിന് ശാശ്വത പരിഹാരം ഉണ്ടാവാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുകള്‍ തടഞ്ഞത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ ഈ റൂട്ടില്‍ നടത്തിയത് യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമായി. സംഘടനകള്‍ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
.gif)

വിഷയത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഇന്നലെ വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം പിന്‍വലിച്ചതായും ഇന്നുമുതല്‍ ബസുകള്‍ ഓടുമെന്നും സമരക്കാര്‍ അറിയിച്ചു.
എന്നാല്‍ തങ്ങളെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഞങ്ങളുടെ പ്രശ്‌നങ്ങളിൽ കൂടി പരിഹാരം ഉണ്ടായതിന് ശേഷം മാത്രമേ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ എന്നും ബസ് തൊഴിലാളികള്‍ അറിയിച്ചു. ഇതോടെ ഇന്നും ഈ റൂട്ടില്‍ ബസ്സുകള്‍ നിരത്തില്‍ ഇറങ്ങില്ലെന്ന് ഉറപ്പായി.
Although the Kuttiadi Kozhikode bus blockade strike has been called off,private buses have not plyed the roads yet
