( www.truevisionnews.com ) ഇനി ബേക്കറിയിൽ നിന്ന് ജിലേബി വാങ്ങിക്കഴിക്കുമ്പോൾ അൽപം സങ്കടപ്പെടേണ്ടി വരും. അതുപോലെ വൈകീട്ടത്തെ ചായക്ക് സമൂസ കഴിക്കുമ്പോഴും... ഈ രണ്ട് പലഹാരങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.
നാഗ്പൂരിലെ എയിംസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഈ ഭക്ഷണ സാധനങ്ങളിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അപകടവും വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. ഇത്തരം ഭക്ഷണസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
.gif)

മാത്രമല്ല, ലഡുവിന്റെയും വടാപാവിന്റെയും പകോറയുടെ കാര്യത്തിലും പരിശോധന നടക്കുന്നുണ്ട്. ജങ്ക് ഫുഡിനെ പുകയില പോലെ കാണുന്നതിനുള്ള ആദ്യപടിയാണിതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാഗ്പൂരിലായിരിക്കും ഇത് ആദ്യമായി നടപ്പാക്കുക. അമിത എണ്ണയും മധുരവുമുള്ള ഭക്ഷണസാധനങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ജിലേബിയും സമൂസയും പുകവലി പോലെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കാന്റീനുകളിലും പൊതുസ്ഥലങ്ങളിലും ഉടൻ തന്നെ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കും. 'പഞ്ചസാരയും ട്രാൻസ് ഫാറ്റും പുതിയ പുകയിലയാണ്. ആളുകൾക്ക് എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള അവകാശമുണ്ട്'-കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ചാപ്റ്റർ പ്രസിഡന്റ് അമർ അമാലെ പറഞ്ഞു.
ഭക്ഷണ നിരോധനമല്ല, ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കിയുള്ള അവബോധമുണ്ടാക്കലാണ് നടക്കുന്നതെന്ന് മുതിർന്ന ഡയബറ്റോളജിസ്റ്റ് സുനിൽ ഗുപ്ത പ്രതികരിച്ചു. ഒരു ഗുലാബ് ജാമുനിൽ അഞ്ച് ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ആളുകൾക്ക് മനസിലാകുമ്പോൾ, ആളുകൾ അത് വീണ്ടും കഴിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്നും സുനിൽ ഗുപ്ത പറഞ്ഞു. ബുദ്ധിപൂർവം ഭക്ഷണം കഴിക്കുക. ഇത്തരം മുന്നറിയിപ്പ് ബോർഡുകൾക്ക് ഭാവിയിൽ ജനങ്ങൾ നന്ദി പറയുന്ന കാലംവരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
രാജ്യത്തെ ജനങ്ങളിൽ പൊണ്ണത്തടി വർധിക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ പതിഞ്ഞ കാര്യം. 2050 ഓടെ ഇന്ത്യയിൽ അമിത വണ്ണമുള്ളവരുടെ എണ്ണം 44.9 കോടിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. അങ്ങനെ വരുന്നതോടെ പൊണ്ണത്തടിയുടെ കാര്യത്തിൽ ഇന്ത്യ യു.എസിന് പിറകിൽ രണ്ടാംസ്ഥാനത്ത് എത്തും. മോശം ഭക്ഷണക്രമവും വ്യായാമമില്ലായ്മയും കുട്ടികളിൽ പോലും പൊണ്ണത്തടി വർധിപ്പിച്ചിരിക്കുകയാണ്.
Don't eat too much samosas and jalebis they are 'as harmful to health as cigarettes' says central government
