ബെംഗളൂരു: ( www.truevisionnews.com) കർണാടകയിൽ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് നടുറോഡിൽ ക്രൂര മർദ്ദനം. ബെംഗളൂരുവിലെ മോദി ഹോസ്പിറ്റൽ ജംഗ്ഷനു സമീപമുള്ള ഒരു ട്രാഫിക് സിഗ്നലിൽ ഇന്നലെ രാത്രിയാണ് സംഭവം. നിർത്തിയിട്ട വാഹനത്തിന് പിന്നിലെത്തി ഹോണടിച്ച് ബഹളം വെച്ച കാർ യാത്രികരാണ് സ്വഗ്ഗി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
ഡെലിവറി എക്സിക്യൂട്ടീവ് ഒരു ട്രാഫിക് സിഗ്നലിൽ തന്റെ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവം നടന്നത്. യുവാവിന്‍റെ ബൈക്കിന് പിന്നിൽ നിന്ന കാർ യാത്രികർ വാഹനം മാറ്റാൻ ആവശ്യപ്പെട്ട് നിരന്തരം ഹോൺ മുഴക്കി. എന്നാൽ റെഡ് സിഗ്നൽ ആയതിനാൽ യുവാവ് വാഹനം മാറ്റിയില്ല. ഇതോടെ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ പുറത്തിറങ്ങി സ്വിഗ്ഗി ജീവനക്കാരനെ അസഭ്യം പറഞ്ഞു. താൻ നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്നും, ട്രാഫിക് നിയമം തെറ്റിച്ചാൽ പിഴ നേരിടേണ്ടിവരുമെന്നും ജീവനക്കാരൻ പറഞ്ഞു.
.gif)

എന്നാൽ വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതരായ യുവാക്കളുടെ സംഘം സ്വിഗ്ഗി ഡെലിവറി ജീവനക്കാരനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ യുവാവിനെ മൂവർ സംഘം ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി. ആക്രമണത്തിൽ പരിക്കേറ്റ് ചോര വന്നിട്ടും മർദ്ദനം നിർത്തിയില്ല. ആക്രമണത്തിന് ശേഷം യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്‍റെ പരാതിയിൽ കേസെടുത്ത ബസവേശ്വരനഗർ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Swiggy delivery employee brutally beaten up on the street in Karnataka
