തിരുവനന്തപുരം: ( www.truevisionnews.com ) പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത് സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ്. മുതിർന്ന പൗരരെ ഫോണിൽ വിളിച്ച് പെൻഷൻ വിവരങ്ങൾ പറഞ്ഞുകേൾപ്പിച്ച് ഒടിപി ചോർത്തിയാണ് തട്ടിപ്പ്. പെൻഷൻകാരുടെ വിവരങ്ങൾ പൂർണരൂപത്തിൽ തട്ടിപ്പുകാരിലേക്ക് എങ്ങനെയെത്തി എന്നതുസംബന്ധിച്ച് സൈബർ ക്രൈം വിഭാഗം പരിശോധിക്കുന്നുണ്ട്.
കേന്ദ്രപെൻഷന് ആവശ്യമായിവരുന്ന ‘ജീവൻ പ്രമാൺ പത്ര’യുടെ പേരിലാണ് തട്ടിപ്പ്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ ഒട്ടേറെ പരാതികളാണ് സൈബർ ക്രൈം വിഭാഗത്തിന് ലഭിക്കുന്നത്. വിവിധ ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളുമായി സംസ്ഥാനത്ത് ദിവസം 2000 മുതൽ 2500 വരെ ഫോൺകോളുകൾ എത്തുന്നുണ്ടെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.
.gif)

ഇതിൽ 125-ഓളം കോളെങ്കിലും കേസായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. പരാതികളിൽ 90 ശതമാനവും ഒരു ലക്ഷം രൂപയിൽതാഴെ പണം നഷ്ടപ്പെടുന്നവയാണ്. പ്രതിദിനം ഒരു കോടിക്കും ഒന്നേകാൽ കോടിക്കും ഇടയിലുള്ള തുക ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. തട്ടിപ്പുനടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ പണം നഷ്ടമാകുന്നത് തടയാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 1930 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം.
ഒറ്റ ഫോൺ കോൾ: ഒടിപി അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കൈയിൽ
പെൻഷൻകാരുടെ നിയമനത്തീയതി, വിരമിക്കൽ തീയതി, പെൻഷൻ പേമെന്റ് ഓർഡർ നമ്പർ, ആധാർ നമ്പർ, സ്ഥിരം മേൽവിലാസം, ഇ- മെയിൽ വിലാസം, വിരമിക്കുമ്പോൾ ലഭിച്ച തുക, പ്രതിമാസ പെൻഷൻതുക, നോമിനി തുടങ്ങിയ വിവരങ്ങൾ കൈവശപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. പിന്നീട് പെൻഷൻ ഡയറക്ടറേറ്റിൽനിന്നാണെന്ന വ്യാജേന പെൻഷൻകാരെ വിളിക്കും.
തട്ടിപ്പുകാർ നേരത്തേ തരപ്പെടുത്തിയ വിവരങ്ങൾ പറഞ്ഞശേഷം ഇത് ഉറപ്പാക്കുന്നതിനായി ഒടിപി പറഞ്ഞുകൊടുക്കാൻ നിർദേശിക്കും. ആദ്യം പറയുന്ന വിവരങ്ങൾ ശരിയാണെന്നതിനാൽ പലരും ഒടിപി പറഞ്ഞുകൊടുക്കും. ഈ ഒടിപി ഉപയോഗിച്ച് പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലെ തുക തട്ടിപ്പുകാർ അപ്പോൾത്തന്നെ പിൻവലിക്കും.
പെൻഷൻ തുടർന്നും ലഭിക്കാൻ വേണ്ട ജീവൻ പ്രമാൺ പത്ര പുതുക്കുന്നതിനായി ഉദ്യോഗസ്ഥർ പെൻഷൻകാരെ ഫോണിൽ വിളിക്കുകയോ ഓൺലൈനായി ബന്ധപ്പെടുകയോ ചെയ്യാറില്ല. തട്ടിപ്പിൽ കുടുങ്ങരുതെന്ന് പെൻഷൻ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പുണ്ട്.
Massive pension fraud in the state
