കോഴിക്കോട്: ( www.truevisionnews.com ) തീപിടുത്തമുണ്ടായ കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ്എസ്‌വൈ കെട്ടിടനിര്‍മ്മാണത്തില്‍ ഗുരുതര പിഴവുണ്ടെന്ന് പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ മാത്രം 177 നിര്‍മാണപ്പിഴവുകള്‍ കണ്ടെത്തി. തീയും പുകയും പടരുന്നത് നിയന്ത്രിക്കാനായി സ്ഥാപിച്ച ഫയര്‍ ഡാംപര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.
യുപിഎസും ബാറ്ററികളും സ്വിച്ചുകളും പാനലുകളും സ്ഥാപിച്ചതില്‍ പിഴവുണ്ടെന്നും യുപിഎസും ബാറ്ററിയും സ്ഥാപിച്ചത് ഇടുങ്ങിയ മുറികളിലാണ് അവിടെ ആവശ്യത്തിന് വായു സഞ്ചാരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താപനില സുരക്ഷിതമായി ക്രമീകരിക്കാനുളള കൂളിംഗ് സംവിധാനമില്ല. ഫാന്‍ കോയില്‍ യൂണിറ്റ് യുപിഎസിന്റെ തൊട്ടുമുകളിലാണ് സ്ഥാപിച്ചത്. ഇതില്‍ നിന്ന് വെളളം ചോർന്ന് യുപിഎസിലേക്ക് വീണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
.gif)

2023-ലും 2024-ലും ഈ പരിശോധന നടത്തിയിരുന്നു. അന്നൊക്കെ ഈ പിഴവുകള്‍ പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം ചൂണ്ടിക്കാട്ടുകയും അത് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. മെയ് രണ്ടിനും മെയ് ഏഴിനും തീപ്പിടുത്തമുണ്ടായതിനു ശേഷം മെയ് 18-ന് നടത്തിയ പരിശോധനയിലാണ് അന്ന് ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഇലക്ട്രിക്കല്‍ വിഭാഗം കണ്ടെത്തി വീണ്ടും റിപ്പോര്‍ട്ട് കൊടുത്തത്. തീപിടുത്തമുണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും അവിടെ പണികളൊന്നും നടക്കുന്നില്ല എന്നും ആരോപണമുണ്ട്.
മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തമുണ്ടായ കെട്ടിടത്തിൽ ചോര്‍ച്ചയടക്കം ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. പുക ഉയര്‍ന്നയുടനെ രോഗികളെ മാറ്റിയിരുന്നു. സ്ഥലത്തെ ബാറ്ററികള്‍ കത്തിയത് മൂലമായിരുന്നു പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. പിന്നാലെ മെയ് ഏഴിനും സമാനമായ രീതിയില്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു. ഓപ്പറേഷന്‍ തിയേറ്ററും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ആറാം നിലയിലാണ് പുക ഉയര്‍ന്നത്.
തുടര്‍ച്ചയായ തീപിടിത്തത്തില്‍ എം കെ രാഘവന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തീ പിടുത്തത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെയും വൈദ്യുത സാമഗ്രികളുടെയും ഫിറ്റ്‌നസ് ഉറപ്പ് വരുത്തണമെന്നും കത്തില്‍ ഉന്നയിച്ചിരുന്നു.
Fire breaks out at Kozhikode Medical College Serious flaws found in the construction of the building
