പാലക്കാട്: ( www.truevisionnews.com) പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിക്കാണ് (65) പരിക്കേറ്റത്. കെണി വെച്ചത് മകൻ പ്രേംകുമാറാണെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെയാണ് മാലതിക്ക് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റത്.
മാലതിയുടെ ബന്ധുവും അയൽവാസിയുമായ യുവതി പാൽ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു കൊടുക്കുന്നതിനിടെയാണ് സംഭവം കാണുന്നത്. വീട്ടുപറമ്പിലാണ് മാലതി ഷോക്കേറ്റ് കിടന്നത്. ഉടനെ പ്രദേശവാസികൾ വൈദ്യുത കമ്പിയിൽ നിന്നുള്ള കണക്ഷൻ വലിച്ചിട്ട് വയോധികയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാലതിക്ക് ഇടതു കൈയിലാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. വയോധികയുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്.
.gif)

കഴിഞ്ഞ മാസം മലപ്പുറം വഴിക്കടവിൽ സമാനമായി പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. മീൻ പിടിക്കാൻ പോയതായിരുന്നു അനന്തുവും കൂട്ടുകാരും. ഇതേ അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽക്കാൻ വേണ്ടിയാണ് ഈ കെണി സ്ഥാപിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ഈ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
കേരളത്തിൽ കാട്ടുപന്നികളെ കൊല്ലുന്നത് കർശനമായ നിയമങ്ങൾക്ക് വിധേയമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കാട്ടുപന്നികളെ ഷെഡ്യൂൾഡ് അനിമലായി ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇവയെ കൊല്ലുന്നത് കുറ്റകരമാണ്. എന്നാൽ, കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാകുന്ന ചില സാഹചര്യങ്ങളിൽ, കൃഷി നശിപ്പിക്കുകയോ മനുഷ്യരെ ആക്രമിക്കാൻ സാധ്യതയുണ്ടാവുകയോ ചെയ്യുമ്പോൾ, വനംവകുപ്പിന്റെ അനുമതിയോടെ അവയെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകാറുണ്ട്.
സ്വന്തമായി കെണികൾ സ്ഥാപിക്കുന്നതും കാട്ടുപന്നികളെ കൊല്ലുന്നതും നിയമലംഘനമാണ്. ഇത്തരം വിഷയങ്ങളിൽ വനംവകുപ്പിനെ അറിയിക്കുകയും അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
Son arrested in Vaniyamkulam incident in which elderly woman was injured after falling into a pig trap
