തിരുവനന്തപുരം: ( www.truevisionnews.com ) കനത്ത നിപ ജാഗ്രതയിൽ സംസ്ഥാനം. പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. രണ്ട് രോഗികളെയും ഇൻഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവർത്തനങ്ങൾ. മലപ്പുറത്ത് മരിച്ച 18കാരിക്ക് നിപയാണെന്ന് ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിലായി 345 പേരുള്ള സമ്പർക്കപ്പട്ടിക ഇന്നലെ പുറത്തിറക്കിയത്. ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും. ഇതിന് ശേഷം വിപുലമായ സമ്പർക്കപ്പട്ടിക പുറത്തിറക്കും.
.gif)

അതേസമയം, നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ട ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ സാമ്പിൾ കോഴിക്കോട്, പൂനെ വൈറോളജി ലാബുകളിൽ പരിശോധന നടത്തും. ഇന്നലെ യുവതിയുടെ റൂട്ട് മാപ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ടിരുന്നു. രോഗലക്ഷണം കണ്ടതിന് ശേഷം യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചു. ഇതോടെ യുവതിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയായിരുന്നു പുറത്തുവന്നത്. ഇതും പോസിറ്റീവായിരുന്നു. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 91 പേരുള്ളതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്ന വിവരം.
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിലെ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ട്. പ്രദേശത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇന്നലെ മലപ്പുറത്തും നിപ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിനിയായ പതിനെട്ടുകാരിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 28നായിരുന്നു നിപ രോഗലക്ഷണങ്ങളോടെ പെണ്‍കുട്ടി മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ജൂലൈ ഒന്നാം തീയതിയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നിപ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ സ്രവം പ്രാഥമിക പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് പോസിറ്റീവായിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും രണ്ട് ജീവനക്കാരും അടുത്തിടപഴകിയ ബന്ധുക്കളും അടക്കം ക്വാറന്റൈനിലായി. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലവും പോസിറ്റീവായിരുന്നു. പെണ്‍കുട്ടിയുടെ റൂട്ട് മാപ്പും മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പുറത്തുവിട്ടിരുന്നു.
No connection between 18-year-old who died of Nipah and Palakkad woman; No compromise on containment zones
