തിരുവനന്തപുരം : ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ചതിന്‍റെ രണ്ടാം നാൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. മരണപ്പെട്ട ബിന്ദുവിന്‍റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
.gif)

മുഖ്യമന്ത്രിയുടെ കുറിപ്പ്:
കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിന്‍റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിന്‍റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകും.
അപകടം നടന്ന് 16 മണിക്കൂറിനു ശേഷമാണ് ദുഃഖം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചത്. ആ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണെന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രിയുടെ ഫോൺ വിളിക്കുകയും ചെയ്തു. ഒരു മന്ത്രിപോലും വിളിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് പ്രതികരിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം ഇന്നും തുടർന്നു. പലയിടത്തും സമരക്കാരും പൊലീസും ഏറ്റുമുട്ടി. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസും ബി.ജെ.പി.യും പ്രതിഷേധ മാർച്ച് നടത്തി. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പത്തനംതിട്ടയിലെ വീണാ ജോർജിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേർക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധം കനക്കവെ വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകുകയാണ്. നാളെ പുലർച്ചെ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി 10 ദിവസത്തിനുശേഷമാണ് തിരികെ എത്തുക. മുമ്പും പല തവണ മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സക്ക് പോയിരുന്നു. തുടർ ചികിത്സയുടെ ഭാഗമായാണ് ഇപ്പോഴത്തെ യു.എസ് സന്ദർശനം.
അതേസമയം, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖം എല്ലാവരെയും വേദനിപ്പിക്കുന്നത്. അവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ അടിയന്തരമായി നൽകണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. മന്ത്രിമാരായ വിണാ ജോർജിനും വിഎൻ വാസവനും എതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നതായി എംവി ഗോവിന്ദൻ പറഞ്ഞു.
564 കോടിയുടെ ബൃഹത്തായ കെട്ടിടം ഒരുങ്ങി കഴിഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് അപകടം നടന്നത്. ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവ് വരെ ജനങ്ങളിൽ കാലുഷ്യം സൃഷ്ടിക്കുന്ന പ്രചാരവേല നടത്തുന്നു. ദുരന്തത്തെ വക്രീകരിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. രണ്ടുപേർക്കു മാത്രമേ പരിക്കുള്ളു എന്ന് മന്ത്രിമാർ പറഞ്ഞത് ആദ്യം ലഭിച്ച വിവരമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
നാല് വർഷമായി ആവശ്യപ്പെടുന്നതാണ് രാജി. ആരും രാജി വെക്കാൻ പോകുന്നില്ലെന്ന് അദേഹം വ്യക്തമാക്കി. അപ്പോൾ കിട്ടിയ വിവരമാണ് മൈക്ക് നീട്ടിയപ്പോൾ മന്ത്രി വീണ പറഞ്ഞതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങൾ വസ്തുതകൾ വസ്തുതകളായി പറയാൻ തയാറാകണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ആരോഗ്യ മേഖലയ്ക്ക് നേരെ പ്രചരണ കൊടുങ്കാറ്റ് അഴിച്ചുവിടുന്നതിന് പിന്നിൽ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളുമാണെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. പൊതുആരോഗ്യ മേഖലയെ ദുർബലമാക്കാൻ ശ്രമിക്കുന്നു. സ്വകാര്യ കച്ചവടക്കാർക്ക് സഹായകരമായ സമീപനം ഉണ്ടാകുന്നു. ആശുപത്രികളെ സ്വകാര്യവത്കരിക്കാൻ യുഡിഎഫ് ശ്രമിച്ചിരുന്നു. ഈ നീക്കം അപകടകരം. പിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിയാൻ മാധ്യമങ്ങൾ തയാറാകണമെന്ന് അദേഹം പറഞ്ഞു.
pinarayi vijayan about bindu death in kottayam medical college accident
