കോട്ടയം: ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ്.
.gif)

ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കിയിരുന്നു. ഇന്നലെ മൂന്നു തവണ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും ഇന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്താണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.
തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹിറ്റാച്ചി കൊണ്ട് വരണമെന്ന് താനാണ് പറഞ്ഞതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. യന്ത്രം അകത്തേക്ക് കൊണ്ട് പോകാൻ അല്പം പ്രയാസം നേരിട്ടു. കെട്ടിടം ഉപയോഗ ശൂന്യമായതാണെന്നും ആരും കുടുങ്ങിയിട്ടില്ലെന്നുമുള്ള മന്ത്രിമാരുടെ പ്രസ്താവനയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണമാണ്. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. കോട്ടയത്ത് വീഴച്ച ഉണ്ടായില്ല. തെറ്റിദ്ധാരണ ഉണ്ടാകുന്ന പ്രചാരണം ആണ് നടക്കുന്നത്. നടന്ന സംഭവം ദൗർഭാഗ്യകരമാണ്. തെരച്ചിൽ നിർത്തിവയ്ക്കാൻ പറഞ്ഞിട്ടില്ല. അത് തെറ്റായ പ്രചാരണമാണ്.
ഹിറ്റാച്ചി കൊണ്ടുവരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. യന്ത്രം കയറി വരാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് മാത്രമാണ് കാലതാമസം ഉണ്ടാക്കിയത്. അതിനെ മറ്റ് തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മെഡിക്കൽ കോളേജിനെ മൊത്തത്തിൽ ആക്ഷേപിക്കാൻ ശ്രമം നടക്കുന്നു. ആക്ഷേപിച്ചു ഇല്ലാതാക്കാൻ ശ്രമം നടക്കുകയാണ്.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് ആശയ വിനിമയം നടത്തിയിരുന്നു. പ്രക്ഷോഭം നടക്കുന്നത് കൊണ്ടാണ് അങ്ങോട്ട് പോകാതിരുന്നത്. പ്രക്ഷോഭക്കാർ ഷോ കാണിച്ചു ആളെ കൂട്ടുകയായിരുന്നു. യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയിൽ എന്ന റിപ്പോർട്ട് വന്നത്. യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല.
സൂപ്രണ്ട് പറഞ്ഞത് ഫയർ ഫോഴ്സ് നൽകിയ വിവരമാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരും ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത്. അപ്പോഴും തെരച്ചിൽ നടത്താൻ തന്നെയാണ് നിർദേശം നൽകിയത്. അങ്ങനെയാണ് മണ്ണുമാന്തി യന്ത്രത്തെ ഉൾപ്പെടെ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
Chandy Oommen MLA announces financial assistance of Rs 5 lakhs to Bindu family Oommen Chandy Foundation will provide the amount
