ജയ്പുര്‍: ( www.truevisionnews.com) ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ഇളയമകന്‍ രാംദേവിനെ കവിത ഒരു പെണ്‍കുട്ടിയെ പോലെ ഒരുക്കി. അവന്റെ തലയില്‍ ദുപ്പട്ട ധരിപ്പിച്ചു, കണ്ണുകളില്‍ മഷിയെഴുതി, തന്റെ സ്വര്‍ണാഭരണങ്ങള്‍ അവനെ അണിയിച്ചു, അവനെ നോക്കി ചിരിച്ചു, അവനും ചിരിച്ചു ഏറെ നിഷ്‌കളങ്കമായി. സംഭവിക്കാനിരിക്കുന്നതിനെ കുറിച്ച് അവനറിയില്ലായിരുന്നു. ശേഷം കവിതയും ഭര്‍ത്താവ് ശിവ്‌ലാലും മക്കള്‍ രാംദേവും ബബജ്‌റംഗും വീടിന് സമീപത്തുള്ള ജലസംഭരണിയിലേക്ക് ചാടി, നാലുപേരും മരിച്ചു.
ശിവ്‌ലാല്‍ മേഘ്‌വാല്‍ (35), ഭാര്യ കവിത (32), മക്കളായ ബജ് റംഗ് (9), രാംദേവ് (8) എന്നിവരുടെ മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് 20 മീറ്റര്‍ അകലെയുള്ള ജലസംഭരണിയില്‍നിന്ന് കണ്ടെത്തി. കുട്ടികളേയും കൂട്ടി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
.gif)

ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ശിവ്‌ലാലിന്റെ ഇളയസഹോദരന്‍ പലതവണ ഫോണില്‍ വിളിച്ചിട്ടും ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെ അയല്‍വാസിയെ വിവരമറിയിച്ചു. ഇയാള്‍ പ്രാദേശിക അധികൃതരെ വിവരമറിയിച്ചു. ശിവലാല്‍ എഴുതിയതാണെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഇളയ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയിട്ടുണ്ട്.
കുടുംബസ്വത്ത് സംബന്ധിച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തെ കുറിച്ചും കുറിപ്പില്‍ സൂചനയുണ്ട്. തങ്ങളുടെ അന്തിമസംസ്‌കാരം വീടിന് മുന്‍പില്‍ നടത്തണമെന്നും കത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ആവാസ് യോജന വഴി അനുവദിച്ച ധനസഹായം വിനിയോഗിച്ച് മറ്റൊരു വീടുണ്ടാക്കാന്‍ ശിവ്‌ലാല്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അമ്മയും സഹോദരനും എതിര്‍ത്തിരുന്നതിനാല്‍ അതിനു സാധിച്ചില്ലെന്നും കവിതയുടെ അമ്മാവന്‍ പറഞ്ഞു.
സംഭവദിവസം ശിവ്‌ലാലിന്റെ അമ്മ സഹോദരന്റെ വീട്ടിലും അച്ഛന്‍ മതപരമായ ചടങ്ങില്‍ പങ്കെടുക്കാനും പോയിരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ശിവ്‌ലാലും കവിതയും ഫോണുകള്‍ ഓഫ് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
jaipur family suicide property dispute
