ഝാന്‍സി: ( www.truevisionnews.com ) ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സ്ത്രീയുടെ കൊലപാതകത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കെട്ടഴിഞ്ഞത് അവിഹിത ബന്ധങ്ങളും മോഷണങ്ങളും അടങ്ങിയ ഗൂഢാലോചന.
സുശീല ദേവിയുടെ കൊലപാതകത്തില്‍ ഒടുവില്‍ അവരുടെ മരുമകള്‍ പൂജയെയും പൂജയുടെ സഹോദരി കമലയെയും പോലീസ് അറസ്റ്റ് ചെയ്തു. കമലയുടെ കാമുകന്‍ അനില്‍ വര്‍മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന ഇയാളെ ചൊവ്വാഴ്ച രാത്രി വെടിവെപ്പിലൂടെയാണ് പിടികൂടിയത്.
.gif)

മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സുശീലയുടെ വീട്ടില്‍ നിന്ന് ഏകദേശം 8 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഇവര്‍ കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ ഒരു ബന്ധുവിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ വര്‍മയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
വര്‍മ പോലീസിന് നേരെ വെടിയുതിര്‍ത്തതായി ആരോപിക്കപ്പെടുന്നു, ഇതോടെ പോലീസ് തിരിച്ചും വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ഝാന്‍സി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍.
ഝാന്‍സിയിലെ കുമഹാരിയ എന്ന ഗ്രാമത്തിലുള്ള വീട്ടില്‍ ജൂണ്‍ 24-നാണ് സുശീല ദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.
ഫോറന്‍സിക് തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ 48 മണിക്കൂറിനകം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. സുശീലയുടെ മരുമകളും ആ വീട്ടിലെ താമസക്കാരിയുമായിരുന്ന പൂജയെ അറസ്റ്റ് ചെയ്ത പോലീസ് ഒപ്പം തന്നെ അവരുടെ സഹോദരി കമലയേയും പിടികൂടി.
സുശീല ദേവിയുടെ മൂത്ത മകന്റെ ഭാര്യയായിരുന്നു പൂജ. ചോദ്യം ചെയ്യലിനിടെ പൂജ കുറ്റസമ്മതം നടത്തി. താനും തന്റെ സഹോദരിയും സഹോദരിയുടെ കാമുകന്‍ അനില്‍ വര്‍മയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നെന്ന് കുറ്റസമ്മതം നടത്തി.
കൊലപാതകത്തിന് തൊട്ടുപിന്നാലെ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട വര്‍മയെ, മോഷ്ടിച്ച സ്വര്‍ണ്ണവും ആഭരണങ്ങളും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ടെത്തുകയും ചെയ്തുവെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ജ്ഞാനേന്ദ്ര കുമാര്‍ പറഞ്ഞു. അനന്തരാവകാശവും ഭൂമി സംബന്ധിച്ച് വീട്ടിലുണ്ടായിരുന്ന തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വ്യക്തമായി.
പൂജ ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃസഹോദരനായ കല്യാണ്‍ സിങിനൊപ്പം ഒരുമിച്ചു താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം, പൂജയെ അവരുടെ ഭര്‍തൃപിതാവായ അജയ് സിങും മറ്റൊരു ഭര്‍തൃസഹോദരനായ സന്തോഷും ചേര്‍ന്ന് കുമ്ഹരിയയിലുള്ള അവരുടെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് വിവാഹിതന്‍ കൂടിയായ സന്തോഷുമായി പൂജ ബന്ധം ആരംഭിച്ചു.
ഇതില്‍ ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചു. ഇതേത്തുടര്‍ന്ന് സന്തോഷിന്റെ ഭാര്യ രാഗിണി വഴിക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് സ്വത്ത് തര്‍ക്കങ്ങളും ആരംഭിച്ചു. സുശീലയുടെ മരണത്തിന് പിന്നാലെ പൂജയുടെ ആദ്യ ഭര്‍ത്താവിന്റെ മരണവും സഹോദരന്‍ കല്യാണ്‍ സിങിന്റെ മരണവും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്തോഷുമായുള്ള ബന്ധം തുടരുന്നതിനിടെ പൂജ വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയെന്ന് പോലീസ് പറയുന്നു. സുശീലയുടെ കുടുംബത്തിന് 6.5 ഏക്കറോളം ഭൂമിയുണ്ടായിരുന്നു. ഇതില്‍ ആദ്യ രണ്ട് സഹോദരന്‍മാരുടെ കൂടി ഭാര്യയായ തനിക്ക് ഇതിന്റെ പകുതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട പൂജ ഇത് വില്‍ക്കുന്നതിനുള്ള നീക്കങ്ങളും നടത്തിയിരുന്നു. സന്തോഷും ഭര്‍തൃപിതാവ് അജയും ഇതിന് സമ്മതിച്ചെങ്കിലും സുശീല ദേവി ഇതിനെ എതിര്‍ത്തു.
മരുമകളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളും അവരുടെ ചില നീക്കങ്ങളിലും സുശീലയ്ക്ക് സംശയമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വത്ത് കൈമാറുന്നതിന് സുശീല എതിര്‍ത്തത്. ഇതോടെ പൂജയ്ക്ക് ഇവരോട് ശത്രുതയായി. ഭര്‍തൃമാതാവിനെ ഇല്ലാതാക്കി ഭൂമി സ്വന്തമാക്കാന്‍ പൂജ ഗൂഢാലോചന നടത്തുകയും ചെയ്തു. തന്റെ ഇളയ സഹോദരി കമല എന്ന കാമിനിയുടെയും, ഗ്വാളിയോറിലെ ഹസീറയില്‍ താമസിക്കുന്ന ഇവരുടെ കാമുകന്‍ അനില്‍ വര്‍മയുടെയും സഹായം പൂജ തേടി.
ജൂണ്‍ 24ന് രാത്രിയില്‍, കമലയും അനില്‍ വര്‍മയും 125 കിലോമീറ്റര്‍ യാത്ര ചെയ്ത് ഝാന്‍സിയിലെത്തി, വീട്ടില്‍ സുശീല ഒറ്റയ്ക്ക് ആകുന്നത് വരെ കാത്തിരുന്നു. പദ്ധതി ഒത്തുവന്നപ്പോള്‍ സുശീല ദേവിക്ക് വിഷം കുത്തിവെച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഇരുവരും എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്നും പോലീസ് അറിയിച്ചു.
മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പൂജ വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോഴാണ് സംശയങ്ങളുയര്‍ന്നത്. അവരുടെ അസാന്നിധ്യം, മൊഴികളിലെ വൈരുദ്ധ്യങ്ങള്‍, മൊബൈല്‍ ടവര്‍ ഡാറ്റ എന്നിവ ചേര്‍ന്നപ്പോള്‍ പൂജയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. നിരന്തരമായ ചോദ്യം ചെയ്യലില്‍ അവര്‍ ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പൂജയുടെ മുന്‍കാല ചരിത്രങ്ങളും നീക്കങ്ങളും വിശദമായി പോലീസ് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പൂജയ്ക്ക് ഭര്‍തൃപിതാവ് അജയ് സിങ്ങുമായും അവിശുദ്ധ ബന്ധമുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അത് കുടുംബത്തിന്റെ തകര്‍ച്ച കൂടുതല്‍ വഷളാക്കിയെന്നും പറയപ്പെടുന്നു. അജയ് സിങ്ങുമായുള്ള ബന്ധത്തെ തുടര്‍ന്ന് സന്തോഷ് പൂജയെ അവഗണിക്കാന്‍ തുടങ്ങി. ഒരു ഭാഗത്ത് സുശീലയുമായുള്ള ശത്രുതയും മറ്റൊരു ഭാഗത്ത് സന്തോഷ് അവഗണിക്കുകയും ചെയ്തതോടെയാണ് സ്വത്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പൂജ നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. കവര്‍ച്ചാ ശ്രമത്തിനിടെ സുശീല കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനും പൂജ ശ്രമം നടത്തിയിരുന്നു.
jhansi woman murder property dispute affair dead husband
