കോഴിക്കോട് കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകൽ; മൂന്ന് പേർ കസ്റ്റഡിയിൽ, മറ്റ് പ്രതികളെ പറ്റി സൂചന ലഭിച്ചതായി വിവരം

കോഴിക്കോട് കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകൽ; മൂന്ന് പേർ കസ്റ്റഡിയിൽ, മറ്റ് പ്രതികളെ പറ്റി സൂചന ലഭിച്ചതായി വിവരം
May 19, 2025 08:04 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തവരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളും, ഒരാൾ കിഴക്കോത്ത് സ്വദേശിയുമാണ്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കാറിൽ എത്തിയ മറ്റു പ്രതികൾ എവിടെ എന്നതിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.

സംഭവത്തിൽ രണ്ടു പേരെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൂടെ ബൈക്കിൽ എത്തിയവരാണ് ഇന്നലെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും സ്ഥലത്ത് എത്തിയ ദൃശ്യങ്ങൾ ലഭിച്ചു. പ്രദേശത്തുള്ള ഒരാളുടെ സഹായം സംഘത്തിന് ലഭിച്ചെന്നാണ് സൂചന. കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് അനൂസ് റോഷനെ തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ രണ്ടു പേരും കാറിൽ അഞ്ചു പേരുമാണ് എത്തിയത്. ആദ്യം ബൈക്കിൽ ഉള്ളവരാണ് വീട്ടിൽ എത്തിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. ഇവരെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതിനിടെ തട്ടിക്കൊണ്ടു പോകൽ സംഘം ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് എത്തിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പരപാറയിൽ അനൂസ് റോഷന്റെ വീടിന് അടുത്ത് എത്തിയ സംഘം പ്രദേശത്തെ ചായക്കടയിൽ കയറുന്നതും പ്രദേശവാസിയുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾക്ക് തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

പ്രതികൾ തട്ടിക്കൊണ്ട് പോയ അനൂസ് റോഷന്‍റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ ആണ് തട്ടിക്കൊണ്ട് പോകാലിന് പിന്നിൽ. വിദേശത്ത് നിന്ന് കടന്ന അജ്മൽ ഇതുവരെ നാട്ടിൽ എത്തിയിട്ടില്ല. ഇതോടെയാണ് വീട്ടുകാർക്ക് നേരെ ഭീഷണിയും ഒടുവിൽ തട്ടിക്കൊണ്ടുപോകലും നടക്കുന്നത്. അജ്മൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.




koduvalli kidnapping case 3 people custody

Next TV

Related Stories
Top Stories










Entertainment News