ഡൽഹി: (truevisionnews.com) പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാൺപൂരിലെ ഹാത്തിപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ ഭാര്യ. തന്റെ ഭർത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്ത പ്രധാനമന്ത്രിയോട് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഐഷന്യ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മുഴുവൻ കുടുംബത്തിനും അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നുവെന്നും അതിനാൽ മോദി പാകിസ്താന് നൽകിയ മറുപടിയിൽ തങ്ങൾ തൃപ്തയാണെന്നും ഐഷന്യ പ്രതികരിച്ചു. ഇനി അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം മകൻ നഷ്ടപ്പെട്ട വേദന തനിക്ക് ഇതുവരെ മാറിയിട്ടില്ലെന്നും സൈന്യത്തിന്‍റെ തിരിച്ചടിയിൽ താൻ തൃപ്തനാണെന്നും ശുഭം ദ്വിവേദിയുടെ പിതാവും പ്രതികരിച്ചു. ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുകയാണെന്നും ശുഭം ദ്വിവേദിയുടെ പിതാവ് സഞ്ജയ് ദ്വിവേദി വ്യക്തമാക്കി.
ഇന്ന് പുലർച്ചെ ആയിരുന്നു പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
Thanks Prime Minister husband has found peace Wife of Shubham Dwivedi who was killed Pahalgam
