(truevisionnews.com) പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥി എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ. ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. പത്തനംതിട്ട പോലീസ് ആണ് നെയ്യാറ്റിൻകര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയെന്നാണ് പ്രതിയുടെ മൊഴി.

അപേക്ഷിക്കാൻ താൻ മറന്നുപോയതിനെ തുടർന്ന് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു. ഇന്ന് രാവിലെയാണ് പത്തനംതിട്ട് പൊലീസ് തിരുവനന്തപുരത്തെത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതേ അക്ഷയ സെന്ററിലെത്തിയ മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ ഹാൾടിക്കറ്റ് ഗ്രീഷ്മ നിർമ്മിച്ചത്. വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്.
സംഭവത്തിൽ 20കാരനായ വിദ്യാർത്ഥിയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥി ഒരു മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷമാണ് ഇതേ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ മാതാവ് നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തുകയും പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാൻ ജീവനക്കാരിയെ ചുമതലപ്പെടുത്തുകയും പണം നൽകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. പിന്നീട് അക്ഷയ സെന്റർ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാൾ ടിക്കറ്റ് അയച്ചുകൊടുത്തതെന്നാണ് മൊഴി.
Akshaya Center employee custody after student arrives NEET exam fake hall ticket
