കണ്ണൂര്‍:(truevisionnews.com) കണ്ണൂർ മുണ്ടയാട് ആറുവരി ദേശീയപാതയിൽ സർക്കാരിന്‍റെ പൗൾട്രി ഫാമിന് മാത്രമായി അടിപ്പാത പണിത് ദേശീയപാത അതോറിറ്റി. നിർമ്മിച്ച അടിപ്പാതയാവട്ടെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ ഗെയ്റ്റ് വെച്ച് പൂട്ടിയിട്ടിരിക്കുകയാണ്. പലയിടങ്ങളിലും അടിപ്പാത വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് ഒരു സ്ഥാപനത്തിന് മാത്രമായി ഇങ്ങനെയൊരു സൗകര്യമൊരുക്കിയിരിക്കുന്നത്.

റീജിയണൽ പോൾട്രി ഫാമിന് സമാന്തരമായി ചെറുവാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ പാകത്തിനാണ് അടിപ്പാത നിര്‍മിച്ചിരിക്കുന്നത്. എന്നാലും ഇതെന്തിന് പൂട്ടിയെന്നത് ആര്‍ക്കും ഉത്തരമില്ല.അഞ്ഞൂറു മീറ്റർ മാറി മറുപുറം കടക്കാൻ മറ്റൊരു വഴിയുള്ളപ്പോഴാണ് ഇങ്ങനെയൊരു അടിപ്പാത നിര്‍മിച്ചിരിക്കുന്നതെന്നതാണ് വിചിത്രം. ജില്ലയിൽ തന്നെ നിരവധി സ്ഥലങ്ങളിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സമരങ്ങളടക്കം നടക്കുകയാണ്.
ഒകെയുപി സ്കൂളിന് സമീപത്ത് അടിപ്പാതയില്ലാത്തത് കാരണം ഏഴു കിലോമീറ്ററാണ് ബസുകൾക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത്. അവിടെ കടും പിടിത്തം പിടിക്കുമ്പോഴാണ് ഇവിടെയിങ്ങനെയൊരിളവെന്നതിലാണ് രൂക്ഷ വിമര്‍ശനം. ആവശ്യമുള്ള സ്ഥലത്ത് അടിപ്പാത നിര്‍മിക്കാതിരിക്കുകയും ആവശ്യമില്ലാത്ത സ്ഥലത്ത് അടിപ്പാത നിര്‍മിക്കുകയും ചെയ്ത ദേശീയപാത അതോറിറ്റിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അടിപ്പാത പൂട്ടിയിട്ടിരിക്കുന്നതടക്കം വിചിത്രമാണെന്നമാണ് നാട്ടുകാര്‍ പറയുന്നത്.
റോഡ് നിർമാണ സമയത്ത് പോൾട്രി ഫാം ആവശ്യപ്പെട്ടത് പ്രകാരം അടിപ്പാതയുണ്ടാക്കിയതെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. സാമൂഹികവിരുദ്ധരുടെ താവളമാകാതിരിക്കാനാണ് പൂട്ടിയിട്ടതെന്നും ന്യായം. പൊതുജനത്തിന് ഉപയോഗിക്കാൻ ഇന്നല്ലെങ്കിൽ നാളെ തുറന്നു നൽകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
പ്രധാനമന്ത്രി ഇന്നെത്തും; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം: (truevisionnews.com) കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
വ്യാഴാഴ്ച വൈകീട്ട് 7.50-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരേ രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ 9.30-ന് രാജ്ഭവനിൽനിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തുമെത്തും.
10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററിൽ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.
'ഇവിടെ കല്ലിട്ടു എന്നതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല, വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ട'- പിണറായി വിജയന്‍
തിരുവനന്തപുരം: (truevisionnews.com) വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം നാടിനാകെയുളള ക്രെഡിറ്റാണെന്നും ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്തുവെന്ന ചാരിതാര്‍ത്ഥ്യം തങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതി 2016 മുതലുളള സര്‍ക്കാരിന്റെയോ അതിനു മുന്‍പ് 2011-മുതല്‍ 2016 വരെയുളള സര്‍ക്കാരിന്റെയോ കണ്ടെത്തലല്ലെന്നും അത് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്ക് ഉചിതമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത് ക്രെഡിറ്റിനുവേണ്ടിയല്ലെന്നും അത് നാട് മുന്നോട്ടുപോകുന്നതിനായാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇവിടെ കല്ലിട്ടു എന്നതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല. ഇപ്പോ കപ്പലോടുന്ന അവസ്ഥയിലേക്കെത്തിയല്ലോ. ആ സാക്ഷാത്കരണത്തില്‍ കഴിഞ്ഞ 9 വര്‍ഷം ഏറ്റവും നിര്‍ണായകമായിരുന്നു. അതാണ് പ്രധാനം. ആ 9 വര്‍ഷത്തില്‍ 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും ഇപ്പോഴുളള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു.
അത് ക്രെഡിറ്റ് നേടുന്നതിനു വേണ്ടിയല്ല. നമ്മുടെ നാട് മുന്നോട്ടുപോകുന്നതിനു വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നല്ലോ. ആ തര്‍ക്കവിഷയങ്ങള്‍ക്കല്ല പിന്നീട് പ്രാധാന്യം കല്‍പ്പിച്ചത്. കാരണം നാടിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത് എന്നതുകൊണ്ട് അതുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് സ്വാഭാവികമായും ജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കും. നമ്മള്‍ അതില്‍ തര്‍ക്കിച്ച് സമയം കളയേണ്ടതില്ല'- മുഖ്യമന്ത്രി പറഞ്ഞു.
National Highways Authority built underpass exclusively government's poultry farm Kannur Mundayadu six lane national highway.
