മംഗളൂരു: ( www.truevisionnews.com) കർണാടകയിൽ മംഗളൂരുവിനടുത്ത് കുടുപ്പു കല്ലുട്ടിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപള്ളി സ്വദേശി അഷ്റഫിന്റെ (36) മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. കബറടക്കം മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയിൽ നടക്കും. അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും തൊടുപുഴയിലും തൃശൂരിലുമായി ചികിത്സ തേടിയിട്ടുണ്ടെന്നും ഇളയ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് വീഴ്ച വരുത്തിയിട്ടില്ലെന്നും സംഭവിച്ച കാര്യങ്ങളിൽ വ്യക്തതയില്ലെന്നും സഹോദരൻ പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെയാണ് കല്ലുട്ടിയിലെ ഗ്രൗണ്ടിന് സമീപം അഷ്റഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമെന്ന് പ്രചാരണം ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ ആന്തരിക രക്തസ്രാവവും മുതുകിൽ പല തവണകളായി അടിയേറ്റതായും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം ചേർന്ന് മർദിച്ചു കൊന്നതാണെന്നു തെളിഞ്ഞത്.
അഷ്റഫ് ചെറിയ പെരുന്നാളിനു 2 ദിവസം മുൻപ് വീട്ടിൽ വന്നിരുന്നു. മംഗളൂരുവിൽ ആക്രി പെറുക്കിവിറ്റു കഴിയുകയായിരുന്നു. വേങ്ങരയിൽ നിന്നാണ് ഇവരുടെ കുടുംബം പുൽപള്ളിയിലെത്തിയത്. നേരത്തേ പുൽപള്ളിയിൽ ചെറിയ ചില ബിസിനസുകൾ നടത്തിയിരുന്നു.
mangaluru mob lynching mentally ill man ashraf
