പത്തനംതിട്ട: (truevisionnews.com) പെരുനാട് വയറൻമരുതിയിലെ ഒരു ഹോട്ടലിലെ അടുപ്പിൽ നിന്ന് പൊട്ടിത്തെറി ശബ്‍ദം. ഇന്ന് രാവിലെയാണ് സംഭവം. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്‍റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിൽ നിന്നാണ് വലിയ ശബ്‍ദം ഉയർന്നത്. വിവരമറിഞ്ഞു പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി.

വയറൻ മരുതി പുത്തൻ പറമ്പിൽ ശിവൻ കുട്ടി (65) യുടേതാണ് ഹോട്ടൽ. ഇയാൾ ഹോട്ടലിലെ ചപ്പുചവറുകൾ തൂത്തുകൂട്ടി അടുപ്പിൽ ഇട്ടപ്പോൾ അബദ്ധത്തിൽ ഇവയുടെ കൂട്ടത്തിൽ ലൈറ്റർ വീണതായി സംശയമുണ്ടെന്നും, അതാവാം പൊട്ടിത്തെറിച്ച് ഉഗ്ര ശബ്‍ദത്തിന് കാരണമായതെന്നുമാണ് പറയുന്നത്. ആർക്കും ആളപായമില്ല.
വിശദമായ ചോദ്യം ചെയ്യലിൽ, ഇയാൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ശാസ്ത്രീയ പരിശോധനയിൽ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ല.
റാന്നി ഡിവൈഎസ്പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. പെരുനാട് എസ് എച്ച് ഒ വിഷ്ണുവിന്റെ നേതൃത്വത്തിൽ പെരുനാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക്ക് സംഘം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Explosion heard from stove hotel Perunadu Viaranmaruti
