സൂറത്ത്: (truevisionnews.com) അഞ്ചാംക്ലാസ് വിദ്യാർത്ഥിയെ 23-കാരിയായ അധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് പരാതി. ഗുജറാത്തിലെ സൂറത്തിലെ മഗോബ് മേഖലയിലാണ് സംഭവം. 11 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കുടുംബമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇരുവരെയും കണ്ടെത്താനായി പോലീസ് വിവിധസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മുതലാണ് അധ്യാപികയെയും വിദ്യാർത്ഥിയെയും കാണാതായത്. അധ്യാപിക ജോലിചെയ്യുന്ന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ് 11-കാരന്‍. വിദ്യാർത്ഥിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് അധ്യാപികയും താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി വീട്ടില്‍വെച്ച് അധ്യാപിക വിദ്യാർത്ഥിക്ക് ട്യൂഷനെടുക്കുകയും ചെയ്തിരുന്നു.
സ്‌കൂള്‍ അവധിയായിരുന്നെങ്കിലും വിദ്യാർത്ഥി കഴിഞ്ഞദിവസങ്ങളിലെല്ലാം അധ്യാപികയുടെ വീട്ടില്‍ ട്യൂഷന് പോയിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വൈകീട്ട് ട്യൂഷന് പോയ വിദ്യാർത്ഥി തിരിച്ചെത്തിയില്ല. തുടര്‍ന്ന് കുടുംബം തിരച്ചില്‍ ആരംഭിച്ചു. ഈസമയം അധ്യാപികയുടെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫായിരുന്നു.
വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ അധ്യാപിക പുറത്തേക്ക് പോയെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഇതിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അധ്യാപികയ്ക്കൊപ്പം വിദ്യാർത്ഥി പോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂറത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് അധ്യാപികയെയും കുട്ടിയെയും അവസാനമായി കണ്ടതെന്ന് വ്യക്തമായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഇരുവരും റെയില്‍വേ സ്‌റ്റേഷനിലെത്തിയതെന്ന് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അധ്യാപികയുടെ ഫോണ്‍ ഇപ്പോഴും സ്വിച്ച്ഓഫാണ്. രണ്ടുപേരുടെ കൈയിലും ബാഗുകളുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. അധ്യാപികയുടെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിനൊപ്പം സൈബര്‍ പോലീസും അന്വേഷണം നടത്തുന്നുണ്ടെന്നും ഡിജിപി(സോണ്‍ 1) അലോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Complaint alleging teacher kidnapped student.
