കോഴഞ്ചേരി: ( www.truevisionnews.com ) അനുമതികളില്ലാതെ നടത്തിവന്ന പടക്കക്കട കത്തിനശിച്ച് സമീപ ഹോട്ടലിലെ തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സ്ഥാപനം നടത്തിവന്ന ആർ.എസ്.എസ് പ്രദേശിക നേതാവിനെതിരെ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി കേദാരം പടക്കക്കട ഉടമ വഞ്ചിത്ര നാറാണത്ത് നന്ദകുമാറിനെ(50)തിരെയാണ് കേസെടുത്തത്.

കോഴഞ്ചേരി വണ്ടിപ്പേട്ടയിലെ പടക്ക കടയും സമീപ ഹോട്ടലും ഇയാളുടെ ഉടമസ്ഥയിലുള്ളതാണ്. ഞായറാഴ്ച മൂന്നുമണിയോടെ പടക്ക കടയിൽ തീപിടിച്ച് ഹോട്ടൽ ജീവനക്കാരൻ റാന്നി ഉതിമൂട് മണ്ടപ്പതാലിൽ വീട്ടിൽ ബിനുവിന് (വിനോദ്-40) പരിക്കേറ്റിരുന്നു. കാലുകൾക്കും തലയിലും സാരമായ പൊള്ളലേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
10 വർഷമായി ഹോട്ടലിൽ ജോലി ചെയ്യുകയാണ് ഇയാൾ. ഹോട്ടലിൽ നിന്ന് തെറിച്ചു വീണ തീപൊരിയിൽ പടക്കക്കടയിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കം, കമ്പി പൂത്തിരി, പേപ്പറുകൾ എന്നിവ കത്തിയാണ് അപകടമുണ്ടായത്.
സ്ഫോടകവസ്തുക്കൾ വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനും നിയമാനുസരണമുള്ള അനുമതിയില്ലാതെയാണ് പടക്കക്കട പ്രവർത്തിച്ചിരുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സ്ഫോടകവസ്തുക്കളുടെ ഇനത്തിൽപ്പെട്ട പടക്കങ്ങൾ അനധികൃതമായി സൂക്ഷിച്ചുവച്ചതിനാണ് സ്ഥാപന ഉടമയായ ആർ.എസ്.എസ് നേതാവിനെതിരെ കേസെടുത്തത്.
ഇയാളെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. പ്രവീൺ, എസ്.ഐ വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
illegalfirecracker sale casefiled against rss leader
