കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പാക് പൗരത്വമുള്ള 4 പേർക്ക് പൊലീസ് നോട്ടീസ്. 27ന് മുമ്പ് രാജ്യം വിടണമെന്നാണ് നോട്ടീസ്. വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന പാക് പൗരന്മാർക്കാണ് നോട്ടീസ് കിട്ടിയത്. രേഖകൾ പരിശോധിച്ചേ നടപടിയെടുക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

കൊയിലാണ്ടിയില്‍ താമസിക്കുന്ന പുത്തന്‍പുര വളപ്പില്‍ ഹംസ, വടകര സ്വദേശികളായ രണ്ടുപേർ, ഒരു പെരുവണ്ണാമൂഴി സ്വദേശി എന്നിവർക്കാണ് നോട്ടീസ്. പാകിസ്താനിൽ നിന്ന് വന്ന് ഏറെക്കാലമായി നാട്ടില്‍ കഴിയുന്ന ഇവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
1965ല്‍ ജ്യേഷ്ഠനൊപ്പം ചായക്കച്ചവടത്തിനായി കറാച്ചിയിലേക്ക് പോയതായിരുന്നു കോഴിക്കോട് കൊയിലാണ്ടി പുത്തന്‍പുരക്കല്‍ ഹംസ. 2007ല്‍ കേരളത്തില്‍ തിരിച്ചെത്തി പൗരത്വത്തിനുള്ള അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
താല്‍ക്കാലിക വിസയിലാണ് കേരളത്തില്‍ തുടരുന്നത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാക് പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ ആശങ്കയിലായിരിക്കയാണ് ഹംസയും കുടുംബവും.
കൊയിലാണ്ടി മാപ്പിള ഹൈസ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇപ്പോള്‍ ഹംസയുടെ കയ്യിലുള്ള രേഖ. ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമുണ്ട്. ഈ മാസം 27നകം രാജ്യം വിടണമെന്ന് കാണിച്ചാണ് കൊയിലാണ്ടി പോലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കി.
വടകര സ്വദേശി ഖമറുന്നിസ, സഹോദരി അസ്മ എന്നിവര്‍ക്കും രാജ്യം വിടണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മലയാളിയായ ഇവരുടെ പിതാവ് കറാച്ചിയില്‍ ബിസിനസുകാരനായിരുന്നു. 1992ലാണ് ഇവരുവരും ഇന്ത്യയിലേക്ക് മടങ്ങിയത്.
ഒരു പെരുവണ്ണാമുഴി സ്വദേശിക്കും നോട്ടീസ് ലഭിച്ചു. ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നോട്ടീസ് ലഭിച്ചവരുടെ തീരുമാനം.
Notice Vadakara Koyilandy natives Pakistani origin leave India
