പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ മർദനത്തിൽ പരിക്കേറ്റ അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻ പിള്ളയുടെ നില ഗുരുതരമായി തന്നെ തുടരുന്നുവെന്ന് വിവരം. സംഭവത്തിൽ കൊല്ലം സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. സംശയം തോന്നിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
ആന്തരീക രക്തസ്രാവമടക്കം വയോധികന്റെ നില ഗുരുതരമാണ്. വീടിനുള്ളിൽ പലഭാഗത്തായി പൊലീസ് രക്തക്കറ കണ്ടെത്തി. ദിവസങ്ങളോളം മർദ്ദനത്തിന് ഇരയായതിന്‍റെ തെളിവാണിതെന്ന് നാട്ടുകാർ പറയുന്നു.
വീട്ടിൽ ഹോം നഴ്സും ശശിധരൻപിള്ളയും മാത്രമാണ് താമസിച്ചിരുന്നത്. ശശിധരൻപിള്ളയ്ക്ക് വീണുപരിക്കേറ്റെന്ന് കളവ് പറഞ്ഞാണ് വിഷ്ണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പരിക്കുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നിയപ്പോഴാണ് വീടിനുള്ളിലെ സിസിടിവി ബന്ധുക്കൾ പരിശോധിച്ചത്.
അങ്ങനെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്. ജോലി ആവശ്യത്തിനായി ശശിധരപിള്ളയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും തിരുവനന്തപുരം പാറശ്ശാലയിലാണ് താമസം. രോഗബാധിതനെ പരിചരിക്കാൻ ഏജൻസി വഴിയാണ് വിഷ്ണുവിനെ ജോലിക്ക് നിർത്തിയത്.
സിസിടിവി ഉള്ളത് കൊണ്ട് മാത്രമാണ് സംഭവം പുറത്തറിഞ്ഞതെന്ന് വാർഡ് അംഗമായ പ്രസാദ് പറയുന്നു. ''അടുക്കളയിൽ നിന്നാണ് നഗ്നനായ മനുഷ്യനെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത്. തല കൊണ്ടുവന്ന് ഭിത്തിയിലിടിപ്പിച്ചതിന്റെ ചോരപ്പാടുകൾ ഇപ്പോഴും അവിടെയുണ്ട്.
എഴുന്നേറ്റ് നടക്കാതിരിക്കാൻ ശശിധരൻപിള്ളയുടെ രണ്ട് കാലും ഇവൻ തല്ലിയൊടിച്ചിട്ടാണ്, തല കൊണ്ടുവന്ന് ഭിത്തിയിലിടിപ്പിച്ചത്. ഇവൻ സ്ഥിരം മദ്യപാനിയാണ്. എഴുന്നേറ്റ് നടക്കാതിരിക്കാൻ വേണ്ടിയാണ് കട്ടിലിൽ അടിച്ചൊടിച്ച് ഇട്ടിരിക്കുന്നത്.
മദ്യപിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ ഈ പരുവത്തിലാക്കിയിട്ടത്.'' വാർഡ് അംഗമായ പ്രസാദ് കുമാർ പ്രതികരിച്ചു. മറവി രോഗമുള്ളതിനാൽ ശശിധരൻപിള്ളയ്ക്ക് ഒപ്പം എപ്പോഴും ഉണ്ടാകണമെന്ന് ബന്ധുക്കൾ വിഷ്ണുവിനോട് നിർബന്ധം പറഞ്ഞിരുന്നു.
തന്‍റെ സ്വകാര്യ ആവശ്യങ്ങൾക്ക് പുറത്തുപോകാൻ പറ്റാത്ത അവസ്ഥയായി. ശരീരഭാരം കൂടിയ ശശിധരൻപിള്ളയെ എഴുന്നേൽപ്പിക്കുന്നത് അടക്കം പരിചരണം പ്രയാസകരമായിരുന്നു. ഇതെല്ലാം വൈരാഗ്യത്തിന് കാരണമായെന്നും അതിനാണ് മർദ്ദിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
വിഷ്ണു സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കൊടുമൺ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
oldman criticalcondition beaten homenurse #legs dragged
