പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട തട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദ്ദിച്ച ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.

ശശിധരൻപിള്ളയെ മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
വീണ് പരിക്കേറ്റുവെന്ന് കള്ളം പറഞ്ഞാണ് വയോധികനെ ഹോം നേഴ്സ് ആശുപത്രിയിലാക്കിയത്. അടൂരിലെ ഏജൻസി വഴി ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ഹോം നഴ്സിനെ ബന്ധുക്കൾ ജോലിക്ക് നിർത്തിയത്.
ഇക്കഴിഞ്ഞ 22ാം തീയതി ശശിധരൻപിള്ളയ്ക്ക് വീണു പരിക്കുപറ്റിയെന്നാണ് വിവരം തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്സ് അറിയിച്ചത്. ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി.
ഗുരുതരമായി പരിക്കേറ്റതിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് കൊടുമൺ പൊലീസിൽ പരാതി നൽകി. ബിഎസ്എഫിൽ നിന്ന് വിആർഎസ് എടുത്ത ശശിധരൻപിള്ള ഏറെനാളായി രോഗബാധിതനാണ്. ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
#Home #nurse #arrested #beating #dragging #former #BSF #jawan #naked
