കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച നടക്കും. കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു ശേഷം വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം.

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉറാങ് 14 ദിവസത്തേക്ക് റിമാൻഡിലാണ്. നിർണായക സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതി അമിത് ഉറാങ് കൊലപാതകം നടത്തിയ ശേഷം സിസിടിവി ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
പന്ത്രണ്ടരയ്ക്ക് ശേഷമാണ് പ്രതി കൊലപാതകം നടത്താൻ വീട്ടിലേക്ക് കയറിയത്. കൊല നടത്തിയ ശേഷം വീട്ടിൽ നിന്നും 3.30 ന് ശേഷമാണ് ഇറങ്ങിയത്. കൊലപാതകം നടത്താൻ പ്രതി അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ചു പോയതും ഒരേ വഴിയിൽ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കേസിൽ എല്ലാ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞതായി എസ്പി ഷാഹുൽ ഹമീദ് വ്യക്തമാക്കി. പ്രതിക്ക് വിജയകുമാറിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മുമ്പ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്. മോഷണ കേസിൽ പ്രതിയായതോടെ ഭാര്യ ഇയാളിൽ നിന്നും അകന്നുപോയി.
ഈ സമയത്ത് ഭാര്യ ഗർഭിണി ആയിരുന്നു, ഇതിനിടെ ഗർഭം അലസിപോയി. ഇക്കാരണങ്ങൾ കൊണ്ട് വിജയകുമാറിനോട് പ്രതി അമിതിന് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ അടക്കം വിദഗ്ദ്ധനാണ്. വിജയകുമാറിനെ കൊല്ലാൻ ലക്ഷ്യമിട്ടാണ് പ്രതി എത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ആണ് ഭാര്യ മീരയെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
#Thiruvathukkal #murder #case #Funerals #Vijayakumar #Meera #Sunday
