ചെന്നൈ:(truevisionnews.com)തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു.മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനാണ് എം.കെ.മുത്തു. ഇന്ന് രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി രോഗബാധിതനായിരുന്നു. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്.
നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു മുത്തുവിന്റെ ജനനം. മുത്തു ജനിച്ചതിനു പിന്നാലെ 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചു. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.
.gif)

മുത്തുവിനെ രാഷ്ട്രീയത്തിൽ പിൻഗാമിയാക്കാനാണ് കരുണാനിധി ആദ്യം ആഗ്രഹിച്ചത്. പിന്നീട് എംജിആറിനെ നേരിടാൻ സിനിമയിലേക്ക് ഇറക്കി. 1970കളിൽ ചില സിനിമകളിൽ നായകനായെങ്കിലും വിജയിച്ചില്ല. ശോഭിക്കാതെ വന്നതോടെ മുത്തു അഭിനയം മതിയാക്കി. ഇതിനു ശേഷം അച്ഛനും മകനുമായി തർക്കമുണ്ടായി. കടുത്ത മദ്യപാനത്തിലേക്കു വീണുപോയ മുത്തുവുമായി കരുണാനിധിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. എൺപതുകളോടെ ഇരുവരും അകന്നു. പിന്നാലെ മുത്തു ഡിഎംകെ വിട്ട് ജയലളിതയ്ക്കൊപ്പം എഐഎഡിഎംകെയിലേക്കു പോയെങ്കിലും രാഷ്ട്രീയത്തിലും ശോഭനമായ ഭാവി ഉണ്ടാക്കാനായില്ല.
2009ൽ രോഗബാധിതനായിരിക്കെ അച്ഛൻ കരുണാനിധി ആശുപത്രിയിലെത്തി മുത്തുവിനെ കണ്ടതോടെയാണ് ഏറെക്കാലം ഇരുവർക്കുമിടയിലുണ്ടായിരുന്ന പിണക്കം മാറിയത്. വളരെ ചുരുക്കമായേ പൊതുവേദികളിൽ എത്തിയിരുന്നുള്ളൂ. മൃതദേഹം ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലേക്കു കൊണ്ടുവന്നു.
പിതാവിനെപ്പോലെ തന്നെ സ്നേഹിച്ചിരുന്നയാളാണ് സഹോദരനെന്ന് എം.കെ. സ്റ്റാലിൻ അനുസ്മരിച്ചു. ‘‘കരുണാനിധിയുടെ അച്ഛനായ മുത്തുവേലരുടെ പേരിൽനിന്നാണ് മുത്തുവിന്റെ പേര് എടുത്തത്. കലൈഞ്ജരെപ്പോലെ അദ്ദേഹവും തിയറ്റർ രംഗത്തെത്തി. ദ്രാവിഡർക്കുവേണ്ടി പ്രവർത്തിച്ചു. ആദ്യ സിനിമയിൽത്തന്നെ ഇരട്ടവേഷത്തിൽ അഭിനയിച്ചു. എന്റെ രാഷ്ടീയപ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. കാണുമ്പോഴൊക്കെ പഴയകാല ഓർമകൾ പങ്കുവയ്ക്കുമായിരുന്നു. കലയും പാട്ടുകളുമായി ഞങ്ങളുടെ ഓർമകളിലും ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം ജീവിക്കും’’ – സ്റ്റാലിൻ കുറിച്ചു.
Tamil Nadu Chief Minister MK Stalin brother MK Muthu passed away
