കോട്ടയം: ( www.truevisionnews.com ) തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി എസ്. ഷാഹുൽ ഹമീദ്. ‘‘നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ല. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണം. വീടിനെ കുറിച്ച് നല്ല അറിവുള്ളയാളാണ് കൊലപാതകം നടത്തിയത്.

വീട്ടിലെ സിസിടിവിയുടെ ഡിവിആർ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കോടാലി വീട്ടിലെ ഔട്ട് ഹൗസിൽ നിന്നാണ് എടുത്തിട്ടുള്ളത്. വാതിൽ തകർക്കാനാണ് അമ്മിക്കല്ല് കൊണ്ടു വന്നതെന്ന് കരുതുന്നു. എന്നാൽ കൊലയ്ക്ക് അമ്മിക്കല്ല് അല്ല ഉപയോഗിച്ചത്. വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഊണുമുറിയിലുമാണ് കിടന്നിരുന്നത്’’– ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പ്രതിയെ സംബന്ധിച്ച് മുൻ വീട്ടുജോലിക്കാരൻ അസം സ്വദേശിയുമായി ബന്ധപ്പെട്ടു കേൾക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും എസ്പി വിശദമാക്കി. ‘‘ഏതാനും മാസങ്ങൾക്കു മുൻപ് അസം സ്വദേശി അമിത് എന്നയാളുമായി ബന്ധപ്പെട്ട് ഫോൺ മോഷണത്തിനു കേസുണ്ടായിരുന്നു. മകന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് സിബിഐക്ക് കൊടുത്തിട്ടുണ്ട്’’– എസ്പി പറഞ്ഞു.
പ്രതിയെ കണ്ടെത്തുന്നതിനായി ശാസ്ത്രീയ മാർഗങ്ങളിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചുവെന്ന് എസ്പി പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഷാഹുൽ ഹമീദ്.
#kottayam #doublemurder #investigation #police #probekilling
