Apr 18, 2025 07:20 PM

മലപ്പുറം: (www.truevisionnews.com) നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി പൂര്‍ണ്ണമായും വിച്ഛേദിക്കുകയാണെന്ന് പി വി അന്‍വര്‍.

ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വര്‍ കുറിച്ചു.

'നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF)സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണമായും വിച്ഛേദിക്കുകയാണ്.പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 'ചിന്തിക്കുന്നവര്‍ക്ക്' ദൃഷ്ടാന്തമുണ്ട്', എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

നിലമ്പൂരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറുമായി പി വി അന്‍വര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയായതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രഖ്യാപനം.

വി എസ് ജോയിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ചയെന്നായിരുന്നു വിവരം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ റോളില്ലെന്നും തികച്ചും യാദൃശ്ചികമായ കൂടിക്കാഴ്ചയാണ് നടന്നതെന്നുമായിരുന്നു അന്‍വര്‍ പ്രതികരിച്ചത്.

നേരത്തെ ഡിസിസി പ്രസിഡന്റ് വി എസ് ജോയ്യുടെ പേര് നിലമ്പൂരില്‍ നിന്ന് പി വി അന്‍വര്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും വി എസ് ജോയ്യുടെയും പേരുകളാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആര്യാടന്‍ ഷൗക്കത്ത്. എന്നാല്‍ വി എസ് ജോയ്യെ മത്സരിപ്പിക്കണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ താല്‍പ്പര്യം.



#meet #media #until #UDF #announces #candidate #Nilambur #PVAnwar

Next TV

Top Stories










Entertainment News