മലപ്പുറം: (truevisionnews.com) എടപ്പാൾ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റൽ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേരെ മലപ്പുറം സൈബർ പോലീസ് അറസ്റ്റുചെയ്തു. തട്ടിപ്പിനു ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയ കൊണ്ടോട്ടി മേലങ്ങാടി സ്വദേശി അജുമൽ കുമ്മാളിൽ (41), തൃപ്പനച്ചി സ്വദേശി മനോജ് കണ്ടമങ്ങലത്ത് (42), അരീക്കോട് സ്വദേശി എൻ.പി. ഷിബിലി (44) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

എടപ്പാൾ സ്വദേശിനിയുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നും നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് തട്ടിപ്പുസംഘം പണം തട്ടിയെടുത്തത്.
നിലവിലുള്ള മൊബൈൽ നമ്പർ ഉടനെ ഡിസ്‌കണക്ട് ആകും എന്നും അറിയിച്ചു. പരാതിക്കാരിയുടെ പേരിൽ മുംബൈ ക്രൈം ബ്രാഞ്ചിൽ എഫ്‌ഐആർ രജിസ്റ്റർചെയ്ത് അന്വേഷിക്കുന്നുണ്ടെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് മുംബൈ പോലീസ് ഓഫീസറുടെ വേഷത്തിൽ വാട്‌സാപ്പിലൂടെ വീഡിയോ കോൾചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. അതു കാണിച്ചപ്പോൾ കേസിൽ ഉൾപ്പെട്ടതിന് അവരുടെ കൈയിൽ തെളിവുകളുണ്ടെന്നും അറസ്റ്റ് വാറന്റ് നിലവിലുള്ളതായും അറസ്റ്റുചെയ്ത് കൊണ്ടുപോകുമെന്നും പറഞ്ഞു.
പല പ്രാവശ്യം പ്രതികൾ വീഡിയോ കോളുകളും വോയിസ് കോളുകളും ചെയ്ത് പരാതിക്കാരിയെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു. നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്നതിനും എൻഒസി തരുന്നതിനും പണം ആവശ്യപ്പെട്ട് പ്രതികൾ പരാതിക്കാരിയെ മാനസിക സമ്മർദ്ദത്തിലാക്കി. കൈവശമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികൾ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് 93 ലക്ഷം അയച്ചുകൊടുത്തു.
ഈ കേസിൽ തട്ടിപ്പിനു പ്രധാനപ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയവരാണ് മൂന്നുപേരും. കേസിൽ കോട്ടയം തലപ്പലം സ്വദേശി അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
മലപ്പുറം ഡിസിആർബി ഡിവൈഎസ്‌പി ജയചന്ദ്രന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ്‌സ്റ്റേഷൻ ഇൻസ്പെക്ടർ ഐസി ചിത്തരഞ്ജൻ, എസ്‌ഐ അബ്ദുൽ ലത്തീഫ്, എഎസ്‌ഐ റിയാസ് ബാബു, അനീഷ്, സിപിഒമാരായ മൻസൂർ അയ്യോളി, റിജിൽ രാജ്, വിഷ്ണു ശങ്കർ എന്നിവരാണ് അറസ്റ്റുചെയ്തത്.
#Three #more #arrested #Rs #93 #lakh #fraud #digital #arrest #threat
