ഇടുക്കി: (truevisionnews.com) കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം . മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്.

ബസിന്റെ അടിയിൽപെട്ട 15 വയസ്സുകാരി കട്ടപ്പന സ്വദേശി അനീറ്റ ആണ് മരിച്ചത്. 25 ഓളം പേർക്ക് പരിക്കേറ്റു. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്.
കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു.
നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ബസിനകത്തുണ്ടായിരുന്ന കുട്ടി തെറിച്ച് പുറത്തേക്ക് വീഴുകയും ദേഹത്തേക്ക് ബസ് പതിക്കുകയുമായിരുന്നു എന്നാണ് വിവരം. ബസ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
#KSRTC #bus #falls #ravine #student #dies #tragically
