കൽപറ്റ: (truevisionnews.com) വയനാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തിങ്കളഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും ലഭിച്ചത്.

കേണിച്ചിറ പത്തിൽപീടികയിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും തകർന്നു. നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ തകർന്നുവീണ് 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഏഴ് ലക്ഷത്തിനു മുകളിൽ നഷ്ടമുണ്ടായെന്ന് ഫാം ഉടമ ജോബിഷ് പറയുന്നു.
വിവിധ ഇടങ്ങളിലായി റോഡിലേക്ക് മരം കടപുഴകി വീണതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കേണിച്ചിറയിലടക്കം കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതോടെ കൃഷിനാശവും ഉണ്ടായി.
നദീതീരങ്ങളിൽ താമസിക്കുന്നവർക്കും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും മഴ ശക്തമാണ്. കോതമംഗലം മാതിരപ്പള്ളിയിൽ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
രാത്രി ഏഴു വരെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
#Widespread #damage #strong #winds #rain #Wayanad #district.
