കൊല്ലം: ( www.truevisionnews.com) സർക്കാർ മുൻ അഭിഭാഷകൻ പി.ജി. മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുമാസം മുൻപാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു പി.ജി. മനു.

അഭിഭാഷകനായ ആളൂരിനോടൊപ്പം മനു കൊല്ലം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ കേസ് നടപടികൾ നടക്കുമ്പോഴാണ് വാടകവീട്ടിൽ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മനു ഇവിടെ താമസിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതൽ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞത്. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോൾ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം സുഹൃത്തുക്കൾ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു ഇയാൾ. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്.
അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.
#controversial #advocate #pgmanu #found #dead #more #details
