ഇടുക്കി: (truevisionnews.com) ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി ജോമോന്റെ ഭാര്യയുടെ അറസ്റ്റ് ഉടനുണ്ടാകും. തെളിവ് നശിപ്പിക്കലുൾപ്പെടെയുളള വകുപ്പ് ഇവർക്കെതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോൻ്റെ ഭാര്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ ഒളിവിലാണ്. ജോമോന്റെ ഭാര്യ മുൻകൂർ ജാമ്യാപേക്ഷ നൽകി മാറി നിൽക്കുകയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
.gif)
അതേസമയം ബിജു കൊലപാതകത്തിൽ ജോമോന്റെ ബന്ധുവായ ഉപ്പുതറ സ്വദേശി എബിൻ തോമസിനെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
കൊലപാതകത്തിന് ശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. ഇരുവരുടെയും ഫോൺ സംഭാഷണ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂർത്തിയാക്കി. ഗൂഡാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
#Thodupuzha #BijuJoseph #murder #case #Jomon's #wife #arrested #soon
