ചെന്നൈ: (www.truevisionnews.com) ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റ് വിജയം. 104 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെ.കെ.ആർ 10.1 ഓവറിൽ കളി തീർത്തു.

ഓൾറൗണ്ടർ സുനിൽ നരെയ്നാണ് കൊൽക്കത്തയുടെ വിജയശില്പി. നേരത്തെ മൂന്ന് ചെന്നൈ ബാറ്റർമാരെ പുറത്താക്കിയ നരെയ്ൻ, 18 പന്തിൽ 44 റൺസെടുത്ത് ടോപ് സ്കോററാകുകയും ചെയ്തു. നായകൻ മാറിവന്നെങ്കിലും സ്വന്തം തട്ടകത്തിലെ കാണികൾക്കു മുമ്പിൽ ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ അഞ്ചാം മത്സരത്തിലും തോറ്റു.
സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ ഒമ്പതിന് 103, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 10.1 ഓവറിൽ രണ്ടിന് 107.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ബാറ്റർമാർ തുടക്കം മുതൽ തകർത്തടിച്ചു. അഞ്ചാം ഓവറിൽ ക്വിന്‍റൺ ഡികോക്ക് (16 പന്തിൽ 23) വീണെങ്കിലും റണ്ണൊഴുക്ക് തടയാൻ ചെന്നൈ ബാളർമാർക്കായില്ല.
പവർപ്ലേയിൽ 71 റൺസാണ് കെ.കെ.ആർ അടിച്ചെടുത്തത്. സ്കോർ 85ൽ നിൽക്കേ സുനിൽ നരെയ്ൻ വീണു. 18 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 44 റൺസാണ് താരം നേടിയത്. പിന്നീടൊന്നിച്ച ക്യാപ്റ്റൻ രഹാനെയും (17 പന്തിൽ 20*) റിങ്കു സിങ്ങും (12 പന്തിൽ 15*) ചേർന്ന് കൊൽക്കത്തയെ വിജയതീരമണച്ചു.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത സി.എസ്.കെ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസാണ് നേടിയത്. 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് അവരുടെ ടോപ് സ്കോറർ.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിരങ്ങിയ ചെന്നൈക്ക് സ്കോർ ബോർഡിൽ 16 റൺസ് ചേർക്കുന്നതിനിടെ ഓപണർമാരെ നഷ്ടമായി. രചിൻ രവീന്ദ്രയെ (4) ഹർഷിത് റാണ ക്യാപ്റ്റൻ രഹാനെയുടെ കൈകളിലെത്തിച്ചപ്പോൾ, ഡെവോൺ കോൺവെയെ മോയീൻ അലി വിക്കറ്റിനു മുന്നിൽ കുരുക്കി. പവർപ്ലേയിൽ 31 റൺസ് മാത്രമാണ് ചെന്നൈക്ക് നേടാനായത്.
7.5 ഓവറിൽ സ്കോർ 50 കടന്നു. പത്താം ഓവറിൽ മോയീൻ അലിക്ക് ക്യാച്ച് സമ്മാനിച്ച് വിജയ് ശങ്കർ (21 പന്തിൽ 29) കൂടാരം കയറി. നേരത്തെ വ്യക്തിഗത സ്കോർ 0, 20 എന്നിവയിൽ വിജയ് ശങ്കറിന്‍റെ ക്യാച്ച് ഫീൽഡർമാർ വിട്ടിരുന്നു.
സ്കോർ 65ൽ നിൽക്കേ, ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായെത്തിയ രാഹുൽ തൃപാഠിയെ (22 പന്തിൽ 16) സുനിൽ നരെയ്ൻ ക്ലീൻ ബോൾഡാക്കി. രവിചന്ദ്രൻ അശ്വിൻ (1), രവീന്ദ്ര ജദേജ (0), ദീപക് ഹൂഡ (0), ക്യാപ്റ്റൻ എം.എസ് ധോണി (1), നൂർ അഹ്മദ് (1) എന്നിവർ പാടെ നിരാശപ്പെടുത്തി.
അവസാന പന്തുവരെ പൊരുതിയ ശിവം ദുബെയാണ് (29 പന്തിൽ 31) ടീം സ്കോർ 100 കടത്തിയത്. കെ.കെ.ആറിനായി സുനിൽ നരെയ്ൻ നാലോവറിൽ 13 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് പിഴുതു. ഹർഷിത് റാണയും വരുൺ ചക്രവർത്തിയും രണ്ടുവീതം വിക്കറ്റുകൾ നേടി.
#Chennai #lead #remains #unchanged #despite #changing #direction #KKR #completes #game #overs #wins #eight #wickets
