നെടുങ്കണ്ടം: (truevisionnews.com) റൂഫിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും 30 അടി താഴ്ചയിലേക്ക് വീണ രണ്ടുപേരിൽ ഒരാൾ മരിച്ചു. ആലപ്പുഴ മാരാരിക്കുളം കാരിക്കാട്ട് ചരമംഗലം വീട്ടില്‍ ബെന്നിയുടെ മകൻ ജെബിന്‍ (24) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ചേര്‍ത്തല സ്വദേശി ബോബിനാണ് (29) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ നെടുങ്കണ്ടം ടൗണിലായിരുന്നു അപകടം. കിഴക്കേ കവലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പെട്രോള്‍ പമ്പിന്റെ റൂഫിങ് ജോലികള്‍ ചെയ്യുന്നതിനിടയിൽ ഇരുവരും താഴേക്ക് വീഴുകയായിരുന്നു. 30 അടിയിലധികം ഉയരമുള്ള പ്ലാറ്റ്‌ഫോം ലാഡറില്‍ കയറിനിന്നായിരുന്നു ഇവർ ജോലിചെയ്തത്.
ജോലിക്കിടെ ലാഡര്‍ ഉലഞ്ഞ് ജെബിനും ബോബിനും നിലത്തേക്ക് വീഴുകയായിരുന്നു. ഒപ്പം തട്ടിന്റെ ഇരുമ്പ് പൈപ്പുകളും ശരീരത്തിലേക്ക് വീണു. ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ജെബിന്റെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകും വഴി യാത്രാമധ്യേ മരിക്കുകകയായിരുന്നു. വീഴ്ചയില്‍ തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയില്‍ ബോബിന് കാലിന് ഒടിവുണ്ട്.
കല്ലാറിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ജെബിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അവിവാഹിതനാണ്. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
#Youngman #dies #after #falling #from #platform #ladder #injured
