തിരുവനന്തപുരം: (truevisionnews.com) റെയിൽപ്പാളത്തിൽനിന്ന വയോധികനെ തീവണ്ടി വരുന്നതിന് മുൻപ് അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. നേമം പോലീസ് ക്വാർട്ടേഴ്സ് റോഡിൽ പ്രസാദ് നഗറിനു സമീപമാണ് സംഭവം. നേമത്ത് എകെ കാറ്ററിങ് സർവീസിൽ ജോലിചെയ്യുന്ന നെടുമങ്ങാട് സ്വദേശി രാഹുൽ(27) ആണ് തന്റെ ജീവൻ പണയംവെച്ച് വയോധികനെ രക്ഷപ്പെടുത്തിയത്.ഉച്ചയ്ക്ക് ഒന്നരയോടെ കാറ്ററിങ് ജോലിക്കായി ബൈക്കിൽ പോകുമ്പോഴാണ് മാനസികവെല്ലുവിളി നേരിടുന്ന വയോധികൻ റെയിൽപ്പാളത്തിൽ നിൽക്കുന്നത് രാഹുൽ കാണുന്നത്.

റെയിൽപ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് മാറ്റിയിരിക്കുന്നതിനാൽ മുകളിൽനിന്ന് ഇതുകണ്ടവർ മാറാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും വയോധികൻ തയ്യാറായില്ല. സ്റ്റേഷനിൽനിന്ന് തീവണ്ടി വരാനുള്ള സിഗ്നൽ തെളിയുകയുംചെയ്തു. റോഡുവഴി വയോധികന്റെ അടുത്ത് എത്തുമ്പോഴേക്കും തീവണ്ടി കടന്നുപോകും.
രാഹുൽ ഉടൻതന്നെ ഇരുപതടിയോളം താഴ്ചയിലേക്ക് മണ്ണിലൂടെ നിരങ്ങിയിറങ്ങി വയോധികനെ ബലമായി പിടിച്ച് തോളിലെടുത്ത് പാളത്തിനു പുറത്തെത്തിച്ചു. സെക്കന്റുകൾക്കകം തീവണ്ടി കടന്നുപോവുകയുംചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ രാഹുലിനു പരിക്കേൽക്കുകയും ഫോൺ പൊട്ടിപ്പോവുകയും ചെയ്തു. ജോലിയും തടസ്സപ്പെട്ടു.
എങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു രാഹുൽ. മറ്റെവിടെനിന്നോ നേമത്ത് എത്തിയ വയോധികനെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ല.വെള്ളിയാഴ്ച ഉച്ചയ്ക്കു നടന്ന സംഭവം, പൊതുപ്രവർത്തകനായ പള്ളിച്ചൽ ബിജു ഞായറാഴ്ചയിട്ട ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാട്ടുകാരുൾപ്പെടെ അറിഞ്ഞത്.
#Elderly #man #falls #railwaytracks #rescueoperation #place #youngman
