ഇരിങ്ങാലക്കുട : (www.truevisionnews.com) ഓൺലൈൻ ട്രേഡിങിന്റെ മറവിൽ റിട്ട. അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കൂടി കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശി ജാസിർ (32), പുതിയങ്ങായി കോയ റോഡ് സ്വദേശി ഷക്കീൽ റഹ്മാൻ (32) എന്നിവരെയാണ് പിടികൂടിയത്.

ചെട്ടിയാൽ സ്വദേശിയായ പരാതിക്കാരനിൽ നിന്ന് ഓൺലൈൻ ട്രേഡിങ് നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ആദിത്യ ബിർല മണി ലിമിറ്റഡ് എന്ന ട്രേഡിങ് കമ്പനിയുടെ വ്യാജ സൈറ്റ് നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്. ലാഭ വിഹിതമോ, നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.
ഈ പണത്തിൽ നിന്ന് 7.50 ലക്ഷം രൂപ കോഴിക്കോട് ചെറുവണ്ണൂർ, കൊളത്തറ സ്വദേശി ഫെമീനയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിക്കുകയും ഈ തുക ഫെമീനയെക്കൊണ്ട് ചെക്ക് ഉപയോഗിച്ച് പിൻവലിപ്പച്ചശേഷം പ്രതികൾക്ക് വീതിച്ചെടുക്കുകയായിരുന്നു.
കമീഷനായി ഫെമീനക്ക് 5000 രൂപ നൽകി. പ്രതികൾ തട്ടിപ്പ് നടത്തിയ പണം പെട്ടെന്ന് തന്നെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ ബാങ്കുകളിലേക്ക് അയച്ച് വിവിധ രീതിയിൽ കൈപറ്റിയിട്ടുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ ഫെമീന നിലവിൽ ജയിലിലാണ്.
ഇത്തരത്തിൽ പണം തട്ടുന്ന സംഘത്തിലെ കോഴിക്കോട് ലോബിയിലെ അംഗങ്ങളാണ് പ്രതികൾ. സാധാരണക്കാരായ യുവാക്കളെയും പെൺകുട്ടികളെയും കണ്ടെത്തി തട്ടിപ്പ് പണം അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുന്ന തട്ടിപ്പ് രീതി.
തുടർന്ന് അവർക്ക് ചെറിയ തുക കമീഷനായി നൽകി അവരെക്കൊണ്ട് തന്നെ പണം പിൻവലിപ്പിക്കുകയാണ് തട്ടിപ്പ് രീതി. കാട്ടൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ ആർ ബൈജു, എസ്‌ഐ നൗഷാദ്, സീനിയർ സിപിഒമാരായ സി ജി ധനേഷ്, നിബിൻ, ഷൗക്കർ എന്നിവവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
#Fraud #lakhs #under #guise #onlinetrading #Two #more #people #Kozhikode #arrested
