കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞ സംഭവത്തില്‍ ആന്ധ്രാ സ്വദേശിനിക്കെതിരെ ആരോപണവുമായി ബന്ധു.

കുട്ടിയെ യുവതി ഉപദ്രവിച്ചിരുന്നുവെന്നാണ് പിതൃസഹോദരിയുടെ ആരോപണം. രണ്ടാമത്തെ കുഞ്ഞിനെ വിറ്റതായും പരാതിയില്‍ പറയുന്നു. മാനന്തവാടി പൊലീസിലാണ് പിതൃസഹോദരി പരാതി നൽകിയത്.
ആശുപത്രിയില്‍ ഉപേക്ഷിച്ച കുട്ടിയ്ക്ക് സാരമായ പരിക്കുകളുണ്ടെന്നും പിതൃസഹോദരി ആരോപിച്ചു. 'കുഞ്ഞിന്‍റെ കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തലയില്‍ ചെറിയ രീതിയില്‍ രക്തം കട്ടപിടിച്ചതായാണ് വിവരം. അതിനാല്‍ കുഞ്ഞിന് ശാരീരിക പ്രശ്നങ്ങളുണ്ട്.
കാഴ്ച കുറവുണ്ട്. വയറിന് എന്തോ അസുഖമുണ്ട്. തലയില്‍ രക്തം കട്ടയായി. അതുകൊണ്ട് നല്ല ചികിത്സനല്‍കണമെന്നാണ് പറയുന്നത്. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് കുട്ടികളുടെ മാതാവ് സത്യം പറയുന്നില്ല, ആശുപത്രിയില്‍ കൊണ്ടുവിട്ടിട്ട് പോയി. പിന്നീട് വിളിച്ചിട്ട് എടുക്കുന്നില്ല. ഡോക്ടര്‍ ചോദിച്ചിട്ടും ഞങ്ങള്‍ ചോദിച്ചിട്ടും കൃത്യമായ മറുപടി നല്‍കുന്നില്ല. സത്യം എന്താണെന്ന് അറിയില്ല.', പിതൃസഹോദരി പറഞ്ഞു.
കുട്ടികളുടെ അമ്മ എവിടെയാണെന്ന് ഇപ്പോഴും അറിയില്ലെന്നും സ്വന്തമായി ഫോണ്‍ നമ്പറില്ലെന്നും പിതൃസഹോദരി പറയുന്നു. ഒരു ഫോണില്‍ നിന്നും വല്ലപ്പോഴും വിളിക്കുകയാണ് ചെയ്യുന്നത്. രണ്ടാമത്തെ കുട്ടിയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ 6,000 രൂപ കൊടുത്താല്‍ കിട്ടുമെന്നാണ് യുവതി നല്‍കുന്ന മറുപടിയെന്നുമാണ് വിവരം.
കുട്ടിയുടെ അച്ഛന്‍ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ യുവതിയെ മാനന്തവാടി സ്വദേശി വിവാഹം ചെയ്ത് കൊണ്ടുവരികയായിരുന്നു. രണ്ട് കുട്ടികളാണുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
#Woman #abused #child #Relatives #say #mother #abandoned #three #and #ahalf #year #old #daughter #Kozhikode
