Apr 2, 2025 07:52 PM

കോഴിക്കോട് : (www.truevisionnews.com) വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് ഈ സിനിമ. എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി വടകര എം.എൽ.എ കെ കെ രമ.

'റീ സെൻസറിംഗ് കഴിഞ്ഞ് എമ്പുരാൻ വീണ്ടും പ്രദർശനം തുടങ്ങിയിരിക്കുന്നു. എല്ലാ അതിരുകളും ലംഘിച്ച് സംഘപരിവാർ അനുകൂലികൾ നടത്തിയ സൈബർ ആക്രമണത്തെ തുടർന്നാണ് നിർമ്മാതാക്കൾക്ക് സിനിമ വീണ്ടും സെൻസറിംഗിന് സമർപ്പിക്കേണ്ടി വന്നത്. ഇത് ദൗർഭാഗ്യകരമായ സംഭവമാണ്.

സംഘപരിവാർ കടന്നാക്രമണം തുടങ്ങിയ സന്ദർഭം മുതലാണ് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനതയും ഈ സിനിമയ്ക്കൊപ്പം നിലയുറപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വരിനിന്നു വോട്ട് ചെയ്യുന്നതുപോലെയാണ് മലയാളികൾ ആ സിനിമ കാണാൻ വേണ്ടി ടിക്കറ്റ് കൗണ്ടറുകൾക്ക് മുൻപിൽ വരിനിന്നത്.

ഇപ്പോഴും ടിക്കറ്റുകൾക്കായി കാത്തുനിൽക്കുന്നത്. കേവലം ഒരു ചലച്ചിത്രാസ്വാദനം മാത്രമായല്ല, ഒരു രാഷ്ട്രീയ ദൗത്യമായാണ് ആ സിനിമ കാണൽ ലോകത്തെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തത്. ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും അണികളും ഈ സംഘപരിവാർ കടന്നാക്രമണങ്ങളെ നിസ്സംശയം പ്രതിരോധിച്ചു.

പക്ഷേ ജനത ഒറ്റമനസ്സായി നടത്തിയ ഈ സാംസ്കാരിക പ്രതിരോധത്തെ വിശ്വാസത്തിലെടുക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിക്കേണ്ടതായിരുന്നു. രാഷ്ട്രീയമായ എതിർപ്പുകളെയും തങ്ങൾക്ക് ഹിതകരമല്ലാത്തത് ചെയ്യുന്നവരെയും കയ്യിലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കിയും മീഡിയയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയും കൈകാര്യം ചെയ്യുന്ന ഫാസിസ്റ്റ് വാഴ്ചക്കാലത്ത് എല്ലാവർക്കും പിടിച്ചുനിൽക്കുക എളുപ്പമല്ല.

പ്രത്യേകിച്ച് കോടിക്കണക്കിന് രൂപയുടെ മുതൽമുടക്കുള്ള സിനിമ പോലൊരു വ്യവസായത്തിൽ. എത്ര സെൻസർ ചെയ്താലും ആ സിനിമയിൽ സംഘപരിവാറിനെ പ്രകോപിപ്പിച്ച പഴയകാല ചരിത്രം എവിടെയും മാഞ്ഞു പോവില്ല.

ഗുജറാത്ത് കലാപവും നരോദ് പാട്യയിലെ കൂട്ടക്കൊലയുമൊക്കെ ചരിത്രമാണ്. നാൾവഴി കണക്കുള്ള യാഥാർത്ഥ്യങ്ങളാണ്. കലാപകാലത്ത് കയ്യുംകെട്ടി നോക്കി നിൽക്കുകയും അതിനു കൂട്ടുനിൽക്കുകയും ചെയ്ത ഭരണകൂടവും ആ കലാപത്തിൽ നിന്നും ലാഭമുണ്ടാക്കി വളർന്നുവന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളും യാഥാർഥ്യമാണ്.

സിനിമയിലെ ദൃശ്യങ്ങൾ വെട്ടിമാറ്റും പോലെ എളുപ്പമല്ല ചരിത്രം വെട്ടിമാറ്റാൻ. സെൻസർ ചെയ്യപ്പെടുന്നതിനു മുൻപ് തന്നെ എമ്പുരാൻ കണ്ടു. കണ്ടിറങ്ങുമ്പോൾ കൂടെപ്പോന്നത് രണ്ടു സ്ത്രീകളാണ്.

ഒന്നാമതായി നിഖാത് ഖാൻ അവതരിപ്പിച്ച 'മാസി എന്ന സുഭദ്രാ ബെൻ'. തൻ്റെ വീട്ടിൽ അഭയം തേടിയെത്തുന്ന മസൂദിനോട് അവർ പറയുന്നു.

"നിങ്ങളീ കണ്ടത് മതമോ വിശ്വാസമോ അല്ല. ഇതൊരു രാഷ്ട്രീയക്കളി മാത്രമാണ്. ഒരു കച്ചവടം മാത്രം. അതിന് ഹിന്ദുവെന്നോ മുസൽമാനെന്നോ, ആണെന്നോ പെണ്ണെന്നോ ഇല്ല. വെടിമരുന്നിലേക്ക് തീപ്പൊരി എറിയും പോലെയാണ് രാഷ്ട്രീയം മതവുമായി കൈകോർക്കുന്നത് ".

സിനിമയിലെ അക്രമകാരികളുടെ തോക്ക് ആദ്യം ഉന്നം വയ്ക്കുന്നത് അവരുടെ നെറ്റിയാണ്. ഹിന്ദുമതത്തിൽ ജനിക്കുകയും അതിൽ തന്നെ വിശ്വസിക്കുകയും ചെയ്യുന്ന മഹാഭൂരിഭാഗം വരുന്ന മതേതര വിശ്വാസികളായ, ആ മൂല്യങ്ങൾക്ക് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിനിധിയാണ് സുഭദ്ര.

ഇപ്പോഴും ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ട്, ഗുജറാത്തിലെ കലാപത്തിന്റെ ഇരകളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പൊരുതിയ ടീസ്റ്റ സെതൽവാദ് തുടങ്ങി ഗുജറാത്തിൽ നിന്ന് തന്നെ കണ്ടെത്താവുന്ന നിരവധി ഉദാഹരണങ്ങളുടെ പ്രതീകം.

രണ്ടാമത്തേത് മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രമാണ്. എന്തൊരു ഊർജ്ജമാണ് അവരുടെ വാക്കുകളിൽ. പിറകിൽ നിന്ന് പിടിച്ചു വലിക്കുന്ന വൈകാരികതകളോടും കൂടി ഏറ്റുമുട്ടിയാണ് പൊതുരംഗത്ത് ഓരോ സ്ത്രീയും നിലയുറപ്പിക്കുന്നത്.

സഹോദരന്റെ ഫോൺവിളിയിൽ അടങ്ങിയ ഭീഷണിയുടെ സ്വരമാണ് പിന്നീടുള്ള പ്രിയദർശിനിയെ നിർമിക്കുന്നത്. റീ സെൻസറിംഗിൽ വെട്ടി മാറ്റപ്പെട്ടു എന്നു പറയപ്പെടുന്ന രംഗത്ത് അവർ കൃത്യമായി പറയും പോലെ "തങ്ങളുടെ കയ്യിലുള്ള അന്വേഷണ ഏജൻസികളെ കൊണ്ട് കള്ളക്കേസുകൾ സൃഷ്ടിച്ച് നിശബ്ദരാക്കാമെന്ന് ഭരണകൂടം വ്യാമോഹിക്കുന്നതിനുമെത്രയോ മേലെയാണ് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയവും സംസ്കാരവും.

കൈകളെ മാത്രമേ വിലങ്ങണിയിക്കാൻ അവർക്ക് സാധിക്കു ആശയങ്ങളെ തോൽപ്പിക്കാൻ കഴിയില്ല". ഒരു പോപ്പുലർ സിനിമയുടെ പതിവു കാഴ്ചകൾക്കപ്പുറം മനസ്സിൽ തൊട്ട ഈ രണ്ടു കഥാപാത്രങ്ങളാണ്, അവരെ ഭാവന ചെയ്ത എഴുത്തും സാക്ഷാത്കരിച്ച അഭിനേതാക്കളുമാണ് എമ്പുരാനെ എൻ്റെ പ്രിയപ്പെട്ട ചിത്രമാക്കുന്നത്.

വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് ഈ സിനിമ. ജനാധിപത്യ/ മതേതര മൂല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരും ഈ സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നു.




#Ancient #history #never #erased #film #politicalstatement #not #KKRama

Next TV

Top Stories