മംഗളൂരു: ( www.truevisionnews.com ) ഒമ്പതു വർഷമായി ഒളിവിലായിരുന്ന അധോലോക കുറ്റവാളി കാളി യോഗീഷിന്റെ കൂട്ടാളിയായ മലയാളിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ജില്ലയിൽനിന്നുള്ള അബ്ദുൽ അസീർ എന്ന സാദുവാണ് (32) അറസ്റ്റിലായത്.

ഇയാളുടെ കൈയിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരു സി.സി.ബി പൊലീസ് നടത്തിയ റെയ്ഡിൽ നഗരത്തിലെ നന്തൂർ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കാസർഗോഡ് നിന്നാണ് മയക്കുമരുന്ന് കടത്തിയതെന്ന് വെളിപ്പെടുത്തി. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 53 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. പുത്തൂരിലെ രാജധാനി ജ്വല്ലേഴ്‌സിൽ നടന്ന വെടിവെപ്പ് സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
കാസർകോട് കുമ്പള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഷഫീഖ് കൊലക്കേസ്, പോക്സോ കേസ്, മോഷണ കേസ്, കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് തീയിട്ട കേസ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
#Criminalcase #suspect #who #absconding #nine #years #arrested #Youth #MDMA
