പത്തനംതിട്ട : (truevisionnews.com) തിരുവല്ലയിൽ അറസ്റ്റിലായ ലഹരിമരുന്നു മാഫിയ തലവൻ മുഹമദ് ഷെമീറിന്റെ (39) ഉപഭോക്താക്കളിൽ തിരുവല്ലയിലെ പ്രൊഫഷനൽ കോളേജ് വിദ്യാർഥികളും.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു മുഹമദ് ഷെമീർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസമായി ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു പ്രതി. തെളിവുകളുടെ സഹായത്തോടെ പിടികൂടാനാണ് പൊലീസ് ഇത്രയും കാലം വലവിരിച്ചു കാത്തിരുന്നതെന്നും വിവരമുണ്ട്.
തിരുവല്ലയിലെ പ്രൊഫഷനൽ കോളജുകളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു മുഹമദ് ഷെമീറിന്റെ ലഹരി വിൽപ്പന. ഇതിനായി പ്രതി കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്കു യാത്രകൾ നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇയാൾ എങ്ങനെയാണ് എംഡിഎംഎ തിരുവല്ലയിലേക്ക് എത്തിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. പത്ത് വയസുകാരനായ സ്വന്തം മകനെയാണ് ലഹരിമരുന്നു കടത്തിനു പ്രതി ഉപയോഗിച്ചത്.
കുട്ടിയുടെ ദേഹത്ത് ടേപ്പ് ഉപയോഗിച്ചു ലഹരിമരുന്നിന്റെ പൊതികൾ ഒട്ടിച്ചിരുന്നു. മുഹമദ് ഷെമീർ മറ്റു ജോലികൾ ഒന്നും ചെയ്തിരുന്നില്ലെന്നും ലഹരിവിൽപ്പനയിലൂടെയാണ് വരുമാനം കണ്ടെത്തിയിരുന്നതെന്നുമാണു പൊലീസ് നൽകുന്ന വിവരം. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
#MuhammadShemir's #MDMA #users #include #professional #college #students
