കോഴിക്കോട് : ( www.truevisionnews.com ) പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം മൂന്നാം ദിനത്തിൽ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ച് ബസ് തൊഴിലാളികൾ. ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്ന ബസ്സുകളും കോഴിക്കോട് - തലശ്ശേരി റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അതേ സമയം കുറ്റ്യാടി - കോഴിക്കോട് ബസ്സുകൾ ഓടുന്നതായിരിക്കും.
തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരത്തിന് ഇറങ്ങിയത് . എന്നാൽ തൊഴിലാളി സംഘടനാ നേതാക്കളൊന്നും തന്നെ ആധികാരിക പ്രതികരണം ഇക്കാര്യത്തിൽ നടത്തിയിട്ടില്ല.
.gif)

തലശേരി മേഖലയ്ക്ക് പുറമെ പാനൂർ മേഖലയിലും വടകര- തൊട്ടിൽപ്പാലം റൂട്ടിലെയും ബസ്സ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് കടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച നോട്ടീസുകൾ ബസുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി.
ബസ് തൊഴിലാളികളുടെ സംഘടനാ ഭാരവാഹികളുമായി ഇന്നലെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ മഹേഷ് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബസ് സമരവുമായി മുന്നോട്ട് പോകാൻ ഒരു വിഭാഗം ജീവനക്കാർ തീരുമാനിച്ചത്. മർദ്ദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും, 2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
മൂന്ന് ദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടുമെന്നും ബസ് സമരത്തിൽ നിന്നും പിന്മാറണമെന്നും സിഐ കഴിഞ്ഞ ദിവസം പറഞ്ഞത് ചില യൂണിയൻ നേതാക്കൾ അംഗീകരിച്ചെങ്കിലും, മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടും വരെ സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു. അതിനിടെ തൊട്ടിൽപ്പാലം - വടകര റൂട്ടിലും ഇന്ന് മുതൽ ബസ് സമരം ആരംഭിച്ചിട്ടുണ്ട്.
അതേസമയം പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ അക്രമി സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. നടുവണ്ണൂരിലെ പാറയുള്ളപറമ്പത്ത് വിനീഷ് (37) ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. നാദാപുരം വാണിമേൽ കൊടിയൂറ സ്വദേശി കെ.പി.സൂരജ് (30) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. ബസിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് ഏഴംഗ സംഘത്തിന്‍റെ ക്രൂരമർദ്ദനമേറ്റ ബസ് കണ്ടക്ടർ വിഷ്ണു പറഞ്ഞു.
ബസ് പാസ് മാത്രമാണ് വിദ്യാർത്ഥിനിയോട് ചോദിച്ചതെന്നും പാസ് ഇല്ലാതിരുന്നിട്ടും കൺസഷൻ അനുവദിച്ചുവെന്നും വിഷ്ണു പറഞ്ഞു. പ്രതികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു. ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ വെറുതെ വിട്ടില്ല. പ്രതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിഷ്ണു വ്യക്തമാക്കി.
അതേസമയം വിദ്യാർഥിനിയും സുഹൃത്തുക്കളും ബസ്സിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടു. കഴിഞ്ഞ 29 ആം തീയതിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച്, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്. കണ്ടക്ടറുടെ പരാതിയിൽ ചൊക്ലി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് വിനീഷും പിടിയിലായത്.
Thottilpalam bus conductor assault case, indefinite bus strike to extend to more routes
